Trending

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസല്‍ അന്തരിച്ചു.


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, 7 വര്‍ഷം കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്നു. ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി. എൺപതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി.12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.

ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.

Post a Comment

Previous Post Next Post