Trending

കണ്ണൂർ ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു; സ്ഥലത്ത് ജനങ്ങളുടെ പ്രതിഷേധം


കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. ആനയുടെ ചവിട്ടേറ്റ് ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ടു. കണ്ണൂർ ആറളം ഫാമിലെ പതിമൂന്നാം ബ്ലോക്കിലെ വെള്ളി (82), ഭാര്യ ലീല (70) എന്നിവരാണ് മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഇവരെ ആന ആക്രമിച്ചത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ ആറളം ഫാം പുനരധിവാസ മേഖലയില്‍ പതിമൂന്നാം ബ്ലോക്കിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇവരുടെ വീടിന് സമീപത്താണ് സംഭവം. ഇവിടെ വ്യാപകമായി കശുവണ്ടി തോട്ടങ്ങളാണുള്ളത്. കശുവണ്ടി ശേഖരിച്ചു വിറ്റാണ് ഇവര്‍ ഉപജീവനം നടത്തുന്നത്. ഇവര്‍ക്ക് ഒരു മകനുണ്ട്.

അക്രമത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സ്ഥിരമായി ആനകളിറങ്ങുന്ന സ്ഥലം കൂടിയാണ് ഇവിടം. പലതവണ തുരത്തിയിട്ടും ആനകള്‍ തിരികെ വരാറുണ്ട്. ആര്‍ആര്‍ടി സംഘം ഉള്‍പ്പെടെ ഇവിടെ എത്തിയിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വനം വകുപ്പിനെതിരെ ജനം കടുത്ത പ്രതിഷേധമുയർത്തി. സ്ഥലത്ത് സംഘർഷാവസ്ഥ നില നിന്നിരുന്നു. ആറളം പൊലീസും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധനും ചേർന്നാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. നാളെ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം വിളിച്ചു.

Post a Comment

Previous Post Next Post