തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂർ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി വാലന്‍റൈന്‍ (22) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ മൂന്നാം വർഷ ബിടെക് വിദ്യാർത്ഥി ലാൽസങിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇരുവരും മിസോറാം സ്വദേശികളാണ്. മദ്യപാനത്തിനിടെ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിലേക്ക് കലാശിച്ചത്.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കോളേജിന് സമീപമുള്ള നെടുംപറമ്പ് ജംഗ്ഷനിൽ വെച്ചായിരുന്നു ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്. ഇതിനിടെ വാലന്‍റിന് നെഞ്ചിലും വയറിലും കുത്തേൽക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നാട്ടുകാരാണ് കുത്തേറ്റ വാലന്റൈനെ കല്ലമ്പലത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പിന്നീട് ഇവിടെനിന്നു വിദഗ്ധ ചികിത്സയ്ക്കായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.