നരിക്കുനി: നരിക്കുനി, എളേറ്റിൽ വട്ടോളി പ്രദേശങ്ങളിലെ കോഴികടകളിൽ വ്യാപകമായി മോഷണം. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് മോഷണം നടന്നത്. മൂന്ന് സ്ഥലങ്ങളിലും മോഷണം നടത്തിയത് ഒരു വ്യക്തി തന്നെയാണ് എന്നാണ് പ്രാഥമിക നിഗമനം. നരിക്കുനി പൂനൂർ റോഡിൽ ഹുസൈൻ കുട്ടിയുടെ ഉടമസ്ഥതയിലുള്ള അമാന ചിക്കൻ സ്റ്റാളിലും, നെല്ലിയേരിതാഴെയുള്ള ഒരു ചിക്കൻ സ്റ്റാളിലും, എളേറ്റിൽ വട്ടോളിയിലെ പാലങ്ങാട് റോഡിലെ പ്രവാസി ചിക്കൻ സ്റ്റാളിലുമാണ് മോഷണം നടന്നത്.
പ്രവാസി കൂട്ടായ്മയുടെ കീഴിൽ പ്രവർത്തിക്കുന്ന സംരഭമായ പ്രവാസി ചിക്കൻ സ്റ്റാളിൽ നിന്നും10000 ൽ അധികം രൂപ നഷ്ടപ്പെട്ടതായി നടത്തിപ്പുകാരനായ ഷമീർ പറഞ്ഞു. പുലർച്ചെ കോഴി എത്തിക്കുന്ന വണ്ടിക്കാർക്ക് കൈമാറാൻ സൂക്ഷിച്ച തുകയാണ് നഷ്ടപ്പെട്ടത്. കടയിലെ താക്കോൽ സൂക്ഷിച്ച് വെച്ച സ്ഥലത്തെ കുറിച്ച് അറിയുന്ന ആളാണ് മോഷണം നടത്തിയതെന്ന് സിസിടിവിയിൽ നിന്നും വ്യക്തമാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് കൊടുവള്ളി പോലീസ്.