കോഴിക്കോട്: സ്‌കൂട്ടറിന്റെ വായ്പാ തിരിച്ചടവ് മുടങ്ങിയത് അന്വേഷിക്കാനെത്തിയ സ്വകാര്യ ബാങ്ക് ജീവനക്കാരിക്ക് യുവാവിന്റെ ക്രൂരമര്‍ദ്ദനം. വടകരയ്ക്കടുത്ത് ഓര്‍ക്കാട്ടേരിയിലാണ് സംഭവം. മുത്തൂറ്റ് വടകര ശാഖയിലെ കളക്ഷന്‍ ഏജന്റും മട്ടന്നൂര്‍ സ്വദേശിയുമായ യുവതിയെയാണ് യുവാവ് അക്രമിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അക്രമം.
സംഭവത്തില്‍ ഓര്‍ക്കാട്ടേരി സ്വദേശി കുന്നത്ത് മീത്തല്‍ ബിജീഷിനെതിരേ വടകര പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും അക്രമിച്ചതിനുമാണ് പോലീസ് കേസെടുത്തത്. സ്‌കൂട്ടറിന്റെ വായ്പ തിരിച്ചടവ് തെറ്റിയതിനാല്‍ യുവതി ബിജീഷിന്റെ വീട്ടിലെത്തി പണമടക്കാന്‍ ആവശ്യപ്പെട്ടതോടെ ഇയാള്‍ പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ച് കറക്കി പറമ്പിലേക്ക് തള്ളി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് വീഡിയോ ദൃശ്യങ്ങള്‍ സഹിതം യുവതി പോലീസില്‍ പരാതി നല്‍കി.