നന്മണ്ട: നന്മണ്ടയിൽ ക്വട്ടേഷൻ സംഘം യുവാവിനെ മാരകമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു. കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് സുഹൈർ (34)നെയാണ് തിങ്കളാഴ്ച രാത്രി പത്തരയോടെ നന്മണ്ട-എഴുകുളം റോഡിൽ മൂലേം മാവിൻ ചുവട്ടിൽ വെച്ച് അക്രമിസംഘം കല്ലുകൊണ്ട് അടിച്ചും കഴുത്തുഞെരിച്ചും ഗുരുതരമായി പരിക്കേൽപ്പിച്ചത്. ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിസംഘത്തിൽപ്പെട്ട ആറുപേരെയും ബാലുശ്ശേരി എസ്എച്ച്ഒ ടി.പി ദിനേശനും സംഘവും അറസ്റ്റ് ചെയ്തു.
ആരാമ്പ്രം എടത്തിൽ നിയാസ് (43), വഴിക്കടവ് നിസാം (30), പടനിലം കള്ളി കൂടത്തിൽ റഫീഖ് (42), വഴിക്കടവ് ഷംനാദ് (30), വഴിക്കടവ് തൈക്കാട്ടിൽ മുഹമ്മദ് അഷ്റഫ് (30), പാതിരിപ്പാടം ചപ്പങ്ങൽ മുർഷിദ് (30) എന്നിവരാണ് അറസ്റ്റിലായത്. പരുക്കേറ്റ സുഹൈറും സുഹൃത്തും സഞ്ചരിച്ച കാറിനെ രണ്ടു കാറുകളിലായി പിൻതുടരുകയായിരുന്നു. ഒരു കാർ സുഹൈറിൻ്റെ സ്വിഫ്റ്റ് കാറിൻ്റെ പിന്നിലിടിച്ചു. രണ്ടാമത്തെ കാർ മുന്നിൽ കയറി ബ്ലോക്കിട്ടു. കാറുകളിൽ നിന്നും ഇറങ്ങിയ അക്രമികൾ മരത്തടി ഉപയോഗിച്ച് മുന്നിലേയും വശങ്ങളിലേയും ചില്ലുകൾ തകർത്ത് സുഹൈറിനെ വലിച്ച് റോഡിലിട്ട് അക്രമിക്കുകയായിരുന്നു.
അക്രമം തടയാൻ ശ്രമിച്ച ഒപ്പമുണ്ടായിരുന്ന സുഹൃത്ത് റാഷിദിനും ചെറിയ തോതിൽ മർദ്ദനമേറ്റു. കല്യാണ വീട്ടിൽ നിന്നും ഈ വഴിയെത്തിയ ഏതാനും ആളുകളാണ് യുവാവിനെ മർദ്ദിക്കുന്നത് കണ്ടത്. ആക്രമികൾ വന്ന കാറിന്റെ താക്കോൽ നാട്ടുകാർ എടുത്തു വെച്ചതിനാൽ കാറിൽ രക്ഷപ്പെടാനായില്ല. അക്രമി സംഘത്തിൽപ്പെട്ട അഞ്ചുപേർ ഓടി രക്ഷപ്പെട്ടെങ്കിലും ഒരു കാറും ഒരു അക്രമിയേയും നാട്ടുകാർ തടഞ്ഞു വെച്ച് ബാലുശ്ശേരി പോലിസിൽ ഏല്പിച്ചു. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കൊടുവള്ളിയിലെ ഒരു ലോഡ്ജ് മുറിയിൽ നിന്നുമാണ് ഇന്നലെ പുലർച്ചെ എല്ലാ പ്രതികളും പിടിയിലായത്.
ദുബൈയിൽ ജോലി ചെയ്യുന്ന സുഹൈർ അവിടെ നിലമ്പൂർ സ്വദേശിയുമായി നടത്തിയ സാമ്പത്തിക ഇടപാടാണ് അക്രമത്തിൽ കലാശിച്ചത്. ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയത് ഇയാളാണെന്നാണ് പൊലിസ് പറയുന്നത്. വടകരയിൽ നിന്നും ഫോറൻസിക് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. അക്രമികൾ സഞ്ചരിച്ച രണ്ടു കാറുകളും പൊലിസ് കസ്റ്റഡിയിലാണ്. പ്രതികളെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി.