Trending

ആശാ വര്‍ക്കര്‍മാര്‍ക്ക് രണ്ട് മാസത്തെ വേതനം സര്‍ക്കാര്‍ അനുവദിച്ചു; സമരം പിൻവലിക്കില്ലെന്ന് സംഘടന


തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ക്ക് രണ്ട് മാസത്തെ വേതനം അനുവദിച്ച് സര്‍ക്കാര്‍. 52.85 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ആശാ വര്‍ക്കര്‍മാര്‍ക്ക് 13,200 രൂപ ലഭിക്കുന്നുണ്ടെന്ന് ധനവകുപ്പ് അറിയിച്ചു. ടെലഫോണ്‍ അലവന്‍സ് ഉള്‍പ്പെടെയാണ് 13,200 രൂപ നല്‍കുന്നത്. 7000 എന്നത് തെറ്റിദ്ധരിപ്പിക്കുന്നതെന്നും ധനവകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ആശാ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്നത് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്ന ഹോണറേറിയമാണെന്ന് ദേശീയ ആരോഗ്യ ദൗത്യം അറിയിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആശാ പദ്ധതി പ്രകാരമാണ് ആശാവര്‍ക്കര്‍മാരെ 2007 മുതല്‍ നിയമിച്ചത്. അവരെ ഏതെങ്കിലും സ്ഥാപനത്തില്‍ സ്ഥിരം ജോലിയായല്ല നിയമിക്കുന്നത്. വിവിധ സ്‌കീമുകള്‍ പ്രകാരമുള്ള ആരോഗ്യ സേവനത്തിനായാണ് അവരെ നിയോഗിക്കുന്നത്. അതിനാല്‍ അവര്‍ക്ക് സ്ഥിരം ശമ്പളമല്ല നല്‍കുന്നത്. മറിച്ച് ആരോഗ്യ സേവനങ്ങള്‍ക്കുള്ള ഇന്‍സെന്റീവായിട്ടാണ് ഓരോ മാസവും നല്‍കുന്നത്. 

അതേസമയം സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കില്ലെന്ന് സംഘടനാ പ്രസിഡന്റ് വികെ സദാനന്ദന്‍ പറഞ്ഞു. വേതന കുടിശ്ശിക മാത്രം ഉന്നയിച്ചില്ല സമരം. ഓണറേറിയം വര്‍ധന, അഞ്ച് ലക്ഷം വിരമിക്കല്‍ ആനൂകൂല്യം, പെന്‍ഷന്‍ എന്നിവ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായാലേ സമരം അവസാനിപ്പിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒമ്പത് ദിവസമായി ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്ത് വരികയാണ്.

Post a Comment

Previous Post Next Post