റിയാദ്: ഉംറ തീര്‍ഥാടകരെയും വഹിച്ച് യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. വാദിനൂര്‍ ഉംറ ഗ്രൂപ്പിന്റെ ബസ് ഡ്രൈവര്‍ കോഴിക്കോട് തിരുവമ്പാടി സ്വദേശി നസീം (50) ആണ് കുഴഞ്ഞു വീണു മരിച്ചത്. മദീനയില്‍ നിന്ന് റിയാദിലേക്ക് വരുമ്പോള്‍ 560 കിലോമീറ്റര്‍ അകലെ ഉഖ്‌ലതുസ്സുഖൂറില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. അസിസ്റ്റന്റ് ഡ്രൈവര്‍ ബസിന്റെ നിയന്ത്രണം ഏറ്റെടുത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 40 ലധികം ഉംറ തീര്‍ഥാടകരുണ്ടായിരുന്നു ബസില്‍. സഹഡ്രൈവറുടെ സാഹസിക ഇടപെടലാണ് വൻ ദുരന്തം ഒഴിവാകാൻ കാരണമായത്.
ഉംറ കര്‍മ്മം കഴിഞ്ഞ് മദീന സന്ദര്‍ശനത്തിന് ശേഷം ബുധനാഴ്ച രാവിലെ റിയാദിലേക്ക് തിരിച്ച ബസ് ഉഖ്‌ലതുസ്സുഖൂറിലെത്തിയപ്പോഴാണ് ഡ്രൈവര്‍ക്ക് ശാരീരിക അസ്വസ്ഥതയുള്ളതായും ബസ് നിയന്ത്രണം വിടുന്നതായും അസിസ്റ്റന്റ് ഡ്രൈവര്‍ക്ക് മനസ്സിലായത്. ഉടന്‍ തന്നെ നിയന്ത്രണം ഏറ്റെടുത്ത് ബസ് സൈഡിലേക്ക് മാറ്റി. ഡ്രൈവറെ ഉഖ്‌ലതുസ്സുഖൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ഉഖ്‌ലതുസ്സുഖൂര്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.