കോട്ടയം: മതവിദ്വേഷം നടത്തിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ എംഎൽഎയും ബിജെപി നേതാവുമായ പി.സി ജോർജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വിശദമായ വാദം ഇന്നലെ പൂർത്തിയായിരുന്നു. മതസ്പർധ വളർത്തുന്ന പ്രസ്താവനയാണ് ജോർജ് നടത്തിയതെന്നും ജാമ്യവ്യവസ്ഥകള്‍ തുടർച്ചയായി ലംഘിക്കുന്ന ഒരാള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്. പ്രോസിക്യൂഷൻ എതിർത്തുവെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യ വ്യവസ്ഥകൾ ജോർജ് തുടർച്ചയായി ലംഘിക്കുന്നുവെന്ന് പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടിയെങ്കിലും ആരോഗ്യസ്ഥിതി മോശമാണെന്നും ആൻജിയോഗ്രാം ഉൾപ്പെടെ ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.
ജോർജിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടതിനു ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താനിരിക്കെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജനുവരി 5ന് ചാനല്‍ ചര്‍ച്ചയില്‍ മുസ്‌ലീം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്ന് ആരോപിച്ച് യൂത്ത് ലീഗ് നല്‍കിയ പരാതിയിൽ ഈരാറ്റുപേട്ട പൊലീസ് എടുത്ത കേസിലാണ് കോടതിയുടെ നടപടി.