ഉള്ളിയേരി: ഉള്ളിയേരിയെയും കൊയിലാണ്ടി മണ്ഡലത്തിലെ ചെങ്ങോട്ടുകാവിനെയും ബന്ധിപ്പിക്കുന്ന ഒള്ളൂർക്കടവ് പാലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. പാലത്തിൻ്റെ ഉദ്ഘാടനം നാടിന് ഉത്സവമായി. ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ട ആയിരങ്ങളാണ് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിന് സാക്ഷിയാകാനെത്തിയത്. പടക്കം പൊട്ടിച്ചും പാലത്തിന്റെ കൈവരികളോട് ചാരിനിന്ന് സെൽഫിയെടുത്തും ആളുകൾ ഉദ്ഘാടനം ആഘോഷമാക്കി. ചൊവ്വാഴ്ച മൂന്നുമണിയോടെ ചേലിയ ഭാഗത്തുനിന്ന് സ്ത്രീകളും വിദ്യാർഥികളും ജനപ്രതിനിധികളും ബലൂണുകൾ പറപ്പിച്ച് പാലത്തിലൂടെ ഒളളൂർക്കടവിന്റെ മറുഭാഗത്തേക്ക് നിങ്ങി. നാലു മണിയോടെ ഒള്ളൂർ അങ്ങാടിയിൽ നിന്ന് തുടങ്ങിയ മഹാഘോഷയാത്രയിൽ ചേലിയ നിവാസികളും അണിനിരന്നു. വാദ്യഘോഷങ്ങളോടെയായിരുന്നു ഘോഷയാത്ര.
അഞ്ചുവർഷം കൊണ്ട് 100 പാലം പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിച്ചതെങ്കിലും മൂന്നേകാൽ വർഷം കൊണ്ട് 100 പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കാൻ കഴിഞ്ഞതായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം സാധ്യത കണക്കിലെടുത്തുകൊണ്ട് പാലം ദീപാലംകൃതമാക്കുമെന്നും മന്ത്രി പറഞ്ഞു. പാലത്തിന്റെ നിർമ്മാണം പൂർത്തിയായതോടെ ബാലുശ്ശേരി മണ്ഡലത്തിലെ പ്രധാന വികസന പ്രവർത്തനങ്ങളിലൊന്നായി ഇത്. 2009-ലാണ് പാലത്തിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചത്. ചെങ്ങോട്ടുകാവിനെയും ബാലുശ്ശേരി മണ്ഡലത്തിൽപ്പെടുന്ന കൂമുള്ളിയെയും ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമായതോടെ അത്തോളി-ഉള്ളിയേരി പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഇതുവഴി എളുപ്പത്തിൽ കൊയിലാണ്ടിയിൽ എത്താൻ കഴിയും.
കെ.എം സച്ചിൻദേവ് എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനീയർ സി.എസ്. അജിത്ത് റിപ്പോർട്ടവതരിപ്പിച്ചു. കാനത്തിൽ ജമീല എംഎൽഎ മുഖ്യാതിഥിയായി. മുൻ എംഎൽഎമാരായ പി. വിശ്വൻ, പുരുഷൻ കടലുണ്ടി, കെ. ദാസൻ എന്നിവർ വിശിഷ്ടാതിഥികളായി.
Tags:
LOCAL NEWS