മുക്കം: പീഡനശ്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഹോട്ടല്‍ ജീവനക്കാരി ഒന്നാം നിലയില്‍ നിന്നും ചാടി ഇടുപ്പിന് പൊട്ടലേല്‍ക്കുകയും പരിക്കേറ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പീഡനശ്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മാമ്പറ്റയിലെ 'സങ്കേതം' എന്ന ഹോട്ടലിലെ ജീവനക്കാരിയും കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനിയുമായ യുവതിയാണ് ഇരയായത്. റൂമില്‍ വിശ്രമിക്കുന്നതിനിടെ ഹോട്ടല്‍ ഉടമയും മറ്റ് രണ്ട് പേരും യുവതിയെ കയറിപ്പിടിക്കുന്നതിന്റെയും യുവതി ഒച്ച വെയ്ക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഹോട്ടലുടമയും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ പീഡന ശ്രമത്തിന്റെ ദൃശ്യങ്ങള്‍ ബന്ധുക്കളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇവര്‍ മൊബൈല്‍ ഗെയിം കളിച്ചുകൊണ്ടിരുന്നപ്പോള്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍ എന്നാണ് അവകാശപ്പെട്ടിരിക്കുന്നത്. തന്നെ ഉപദ്രവിക്കരുതെന്നും ഒന്നും ചെയ്യല്ലേ എന്ന് യുവതി നിരവധിതവണ അലറി വിളിക്കുന്നതും കുടുംബം പുറത്തുവിട്ട ദൃശ്യങ്ങളില്‍ കേള്‍ക്കാം.“അങ്കിളാണ് പേടിക്കേണ്ട എന്നും ഒച്ച ഉണ്ടാക്കിയാല്‍ തന്റെ മാനം പോകുമെന്നും എന്ന് അക്രമം നടത്തുന്നയാള്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. തന്നെ വിടാനും ഒന്നും ചെയ്യരുതെന്നും യുവതി ആവര്‍ത്തിച്ച് കേണപേക്ഷിക്കുന്നതും കേള്‍ക്കാം.
അതിന് ശേഷവും അതിക്രമം തുടര്‍ന്നതോടെയാണ് യുവതി ആത്മരക്ഷാര്‍ത്ഥം കെട്ടിടത്തില്‍ നിന്നും താഴേയ്ക്ക് ചാടിയത്. നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തുകയും യുവതിയെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെ നടന്ന സംഭവത്തില്‍ ദേവദാസിന് പുറമേ സുഹൃത്തുക്കളായ റിയാസ്, സുരേഷ് എന്നിവര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിലായ ഇവര്‍ക്ക് വേണ്ടി പോലീസ് തെരച്ചിലിലിലാണ്. യുവതി ഇപ്പോഴും ആശുപത്രിയിലാണ്.