മുക്കം: കോഴിക്കോട് മുക്കത്ത് യുവതിയെ ഹോട്ടൽ ഉടമയും സഹായികളും പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി പിടിയിൽ. ഹോട്ടൽ ഉടമ ദേവദാസിനെ മുക്കം പൊലീസാണ് പിടികൂടിയത്. കൂട്ടുപ്രതികൾ ഉടൻ പിടിയിലാകുമെന്ന് സൂചന. കുന്ദംകുളത്ത് വെച്ചാണ് ദേവദാസിനെ കസ്റ്റഡിയിൽ എടുത്തത്. അതേസമയം സംഭവത്തിൽ, സംസ്ഥാന വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. കോഴിക്കോട് റൂറൽ എസ്പിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചവർക്കായി മുക്കം പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഹോട്ടൽ ജീവനക്കാരിയായ യുവതി പീഡനശ്രമം ചെറുത്ത് കെട്ടിടത്തിൽ നിന്ന് ചാടുന്നതിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതികളെ പിടികൂടണമെന്ന ആവശ്യം ശക്തമായി. ജീവനക്കാരിക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവമ്പാടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ഹോട്ടലിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
ശനിയാഴ്ച രാത്രിയാണ് ഹോട്ടൽ ഉടമയും ജീവനക്കാരും യുവതിയെ ആക്രമിക്കാൻ ശ്രമിച്ചത്. രക്ഷപ്പെടാനായി പെൺകുട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. മൂന്ന് പ്രതികളും കേരളം വിട്ടിട്ടില്ലെന്നാണ് പോലീസ് നൽകുന്ന വിവരം.