തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ അഞ്ചുപേരെ കൂട്ടക്കൊല നടത്തിയതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. എല്ലാവരെയും പ്രതി അഫാന്‍ ആക്രമിച്ചത് ചുറ്റികൊണ്ട് തലയ്ക്കടിച്ച്. അച്ഛന് പണം നല്‍കാത്തതിനാലാണ് ബന്ധുക്കളെ കൊന്നതെന്ന് പ്രതി. വിദേശത്ത് ഫര്‍ണിച്ചര്‍ കട നടത്തുന്ന അച്ഛന്‍റെ ബിസിനസ് പൊളിഞ്ഞെന്നും മൊഴി. പൊലീസില്‍ കീഴടങ്ങിയ പ്രതി പെരുമല സ്വദേശി അഫാന്‍ (23) വിഷം കഴിച്ചതിനെ തുടർന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
സഹോദരന്‍, അച്ഛന്‍റെ ചേട്ടനും ഭാര്യയും, മുത്തശ്ശി, കാമുകി എന്നവരാണ് കൊല്ലപ്പെട്ടത്. ആദ്യം പാങ്ങോട്ടുള്ള വീട്ടിലെത്തി മുത്തശ്ശി സല്‍മാ ബീവിയെ (88) വെട്ടിക്കൊന്നു. പിന്നീട് വല്യച്ഛന്‍റെ വീട്ടിലെത്തി, വല്യച്ഛന്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊന്നു. അതിനുശേഷം സ്വന്തം വീട്ടിലെത്തി സഹോദരനെയും കാമുകിയെയും വെട്ടിക്കൊന്നു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട സഹോദരന്‍ അഫ്സാന്‍ (13). കാമുകി ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് കൊല്ലാന്‍ വേണ്ടിയാണ്. വീട്ടില്‍വച്ച് അമ്മയെയും വെട്ടി, ഗുരുതരമായി പരുക്കേറ്റ് അമ്മ ചികില്‍സയിലാണ്.