Trending

തുപ്പിയ വെള്ളം കുടിപ്പിച്ചു, ക്രൂര മർദ്ദനം: കാര്യവട്ടം സർക്കാർ കോളേജിൽ റാഗിങ്


തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം സർക്കാർ കോളേജിൽ റാഗിങ്. ജൂനിയർ വിദ്യാർഥികൾ സീനിയർ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചതായാണ് പരാതി. ഒന്നാംവർഷ ബയോടെക്‌നോളജി വിദ്യാർത്ഥി ബിൻസ് ജോസ്, ബയോകെമിസ്ട്രി വിദ്യാർത്ഥി അഭിഷേക് എന്നിവർക്കാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥികളായ അലൻ, ആനന്ദൻ, വേലു, സൽമാൻ, ശ്രാവൺ, പാർത്ഥൻ, ഇമ്മാനുവൽ എന്നിവർക്കെതിരേയാണ് കേസ്. ഇവരെ അറസ്റ്റുചെയ്തിട്ടില്ല. കുപ്പിവെള്ളത്തിൽ തുപ്പിയ ശേഷം നിർബന്ധിപ്പിച്ച് കുടിപ്പിച്ചതായും പരാതിയുണ്ട്.

ചൊവ്വാഴ്ചയാണ് സംഭവം. ആഹാരം കഴിച്ച ശേഷം അഭിഷേകും ബിൻസും കൈകഴുകി നിൽക്കവേ, സീനിയർ വിദ്യാർത്ഥികളെത്തുകയും അവരെ ബഹുമാനമില്ലെന്നാരോപിച്ച് കാംപസിൽത്തന്നെയുള്ള യൂണിയൻ ഓഫീസിൽ കൊണ്ടുപോയി മർദ്ദിക്കുകയുമായിരുന്നുവെന്ന് അഭിഷേക് പറയുന്നു.

സംഭവത്തിൽ ഇരുവരും കഴക്കൂട്ടം പോലീസിൽ പരാതി നൽകിയെങ്കിലും അഭിഷേകിന്റെ പരാതിയിൽ മാത്രമാണ് കേസെടുത്തത്. മൂന്നാം വർഷ വിദ്യാർത്ഥികളാണ് തങ്ങളെ മർദ്ദിച്ചതെന്ന്‌ അഭിഷേക് പറഞ്ഞു. ബിൻസിനെയും പ്രതികൾ മർദ്ദിച്ചു. ബിൻസിനെക്കൊണ്ട്‌ കുപ്പിവെള്ളത്തിൽ തുപ്പിയ ശേഷം കുടിപ്പിച്ചു. കോളേജിൽ വെച്ചിരുന്ന ബൈക്കും നശിപ്പിച്ചു- അഭിഷേക് പറയുന്നു.

മർദ്ദനമേറ്റവർ റാഗിങ് പീഡനം ആരോപിച്ച് കോളേജ് പ്രിൻസിപ്പലിനും പരാതി നൽകിയിട്ടുണ്ട്. റാഗിങ് നടന്നോയെന്നത് സംബന്ധിച്ച്‌ പ്രിൻസിപ്പലിൽ നിന്നു വിവരം തേടുമെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post