മസ്‌കത്ത്: ഒമാനിൽ ഡാമിൽ മകനൊപ്പം കുളിക്കുകയായിരുന്ന മലയാളി യുവ ഡോക്ടര്‍ മുങ്ങി മരിച്ചു. ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ ജോലിചെയ്യുന്ന മലപ്പുറം കോക്കൂര്‍ വട്ടത്തൂര്‍ വളപ്പില്‍ നവാഫ് ഇബ്രാഹിം (34) ആണ് മരിച്ചത്. ഇബ്രിയിലെ വാദി ഡാമിലായിരുന്നു സംഭവം. ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നിസവ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ സേവനം ചെയ്തുവരികയായിരുന്നു നവാഫ് ഇബ്രാഹിം.
ഭാര്യ ഡോ. നിഷിയക്കും മകനുമൊപ്പമാണ് നവാഫ് ഇബ്രാഹിം വാദി ഡാം സന്ദര്‍ശിക്കാനെത്തിയത്. മകനുമൊത്ത് ഇവിടെവച്ച് കുളിച്ച് കൊണ്ടിരിക്കെ കാല്‍വഴുതി ഡാമിലേക്ക് വീഴുകയായിരുന്നു. പാറയില്‍ കുടുങ്ങിയ ഇദ്ദേഹത്തെ മറ്റ് ടൂറിസ്റ്റുകള്‍ എത്തിയാണ് പുറത്തെടുത്തത്. ഉടനെ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും നവാഫ് ഇബ്രാഹീമിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
കൂടെയുണ്ടായിരുന്ന ഭാര്യ നിഷിയയും മകന്‍ നഹാന്‍ നവാഫും (2) സുരക്ഷിതരാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. മയ്യിത്ത് ഇബ്രി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകും.