തൃശൂർ: മസ്തകത്തിൽ മുറിവേറ്റ് അതിരപ്പള്ളി വനമേഖലയിൽ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു. മസ്തകത്തിലെ മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്ക് പടർന്നതോടെ കോടനാട് ആന പരിപാലന കേന്ദ്രത്തിലെ ചികിത്സക്കിടെയാണ് ചരിഞ്ഞത്. ആനയ്ക്ക് ശ്വാസം എടുക്കുന്നതിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നതായി ഡോക്ടർമാർ പറഞ്ഞു.
കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. തുടർന്ന് ഇക്കഴിഞ്ഞ ജനുവരി 24ന് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘം അതിരപ്പള്ളിയിലെത്തി ആനയെ മയക്കുവെടി വെച്ച് ചികിത്സിച്ചിരുന്നെങ്കിലും മസ്തകത്തിലെ മുറിവിൽ നിന്നും പുഴുക്കൾ അരിച്ചിറങ്ങുന്ന നിലയിൽ ആന വീണ്ടും കാടിറങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ആനയെ മയക്കുവെടി വെച്ച് പിടികൂടിയത്. ഇന്ന് രാവിലെ വരെ ആന ഭക്ഷണവും വെള്ളവും കഴിക്കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാൽ ചികിത്സക്കിടെ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഹൃദയാഘാതം എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനകൾ നടന്ന് വരികയാണ്. ഇന്ന് ഉച്ചക്ക് ശേഷമാണ് പോസ്റ്റ്മോർട്ടം.