ഉള്ളിയേരി: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയിൽ ഉള്ളിയേരിയിൽ നിയന്ത്രണംവിട്ട ടിപ്പർലോറി ചായക്കടയിൽ ഇടിച്ചുകയറി. അപകടത്തിൽ ടിപ്പർലോറി ഡ്രൈവർ അഖിൽ കിരണിന് പരിക്കേറ്റു. ഉള്ളിയേരി പത്തൊൻപതാം മൈലിലുള്ള താനിയുള്ളതിൽ കരുണാകരൻ നടത്തുന്ന രാമനഗരം ടീഷോപ്പിലേക്കാണ് ടിപ്പർലോറി ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ കടയുടെ മുൻഭാഗം പൂർണമായി തകർന്നു.
ഇന്ന് പുലർച്ചെയോടെ ബാലുശ്ശേരി റെയ്ഞ്ച് എക്സൈസ് ഓഫീസിന് സമീപമായിരുന്നു അപകടം. ബാലുശ്ശേരി ഭാഗത്ത് നിന്നും വന്ന ടിപ്പർലോറി എതിർദിശയിൽ നിന്നും വന്ന ഗുഡ് ഓട്ടോയിൽ ഇടിച്ചശേഷം കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ ടിപ്പർലോറി ഡ്രൈവറെ മൊടക്കല്ലൂർ എംഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുഡ്സ് ഓട്ടോയിലെ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകത്തിന് കാരണമെന്നാണ് കരുതുന്നത്. സ്ഥിരം അപകടമേഖലയായ ഇവിടെ 12 വർഷത്തിനിടയിൽ 13 പേർക്ക് വിവിധ അപകടങ്ങളിലായി ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.