ബത്തേരി: വയനാട്ടിൽ ജിമ്മിൽ പരിശീലനത്തിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. അമ്പലവയൽ കുപ്പക്കൊല്ലി സ്വദേശിയും പച്ചക്കറി വ്യാപാരിയുമായ അഷ്‌റഫിൻ്റെ മകൻ സൽമാൻ (20) ആണ് മരിച്ചത്. അമ്പലവയലിലെ ജിംനേഷ്യത്തിൽ പരിശീലനത്തിനിടെ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. മരണ കാരണം തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമെന്നാണ് വിവരം.
സുഹൃത്തുക്കൾ ചേർന്ന് ഉടനെ തന്നെ യുവാവിനെ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം സ്വദേശമായ വയനാട്ടിലെ അമ്പലവയലിലേക്ക് കൊണ്ടുപോയി.