മലപ്പുറം: മലപ്പുറം വേങ്ങരയിൽ രാസലഹരി കിട്ടാതായതോടെ മാതാവിനും സഹോദരിക്കും നേരെ യുവാവിൻ്റെ പരാക്രമണം. ചെനയ്ക്കൽ സ്വദേശി സൽമാനാണ് 68 കാരി മാതാവിനെ അതിക്രൂരമായി ഉപദ്രവിച്ചത്. പൊലീസെത്തി യുവാവിനെ ഡിഅഡിക്ഷൻ സെന്‍ററിലേയ്ക്ക് മാറ്റി. ചെന്നൈയിൽ ജോലി ചെയ്യുന്ന സൽമാൻ കഴിഞ്ഞ ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. രാവിലെ ഭക്ഷണവുമായി മുറിയിലെത്തിയ സഹോദരിയെയായിരുന്നു ആദ്യം ആക്രമിച്ചത്. സഹോദരിയെ ഉപദ്രവിക്കുന്നത് കണ്ടതോടെയാണ് സൽമാന്‍റെ മാതാവ് ഇടപെട്ടത്. മാതാവിനെയും യുവാവ് ഉപദ്രവിച്ചു. മുഖത്തടക്കം അടിച്ചു പരുക്കേൽപ്പിച്ചു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്നു പിടിച്ചുമാറ്റിയിട്ടും യുവാവ് ശാന്തനായില്ല. ഇതോടെയാണ് പൊലീസിൽ വിവരം അറിയിച്ചത്. യുവാവിന്റെ ബാഗിൽ നിന്ന് ലഹരി ഉപയോഗിക്കുന്ന വസ്തുക്കൾ അടക്കം കണ്ടെടുത്തു. മുൻപും മാനസികനില തെറ്റി യുവാവ് പെരുമാറിയിട്ടുണ്ട്. അന്ന് കുതിരവട്ടത്ത് യുവാവിനെ ചികിത്സിച്ചിരുന്നു. എന്നാൽ ലഹരി കിട്ടാതാകുന്നത്തോടെയാണ് ഇത്തരം പരാക്രമം ഉണ്ടാക്കുന്നതെന്ന കാര്യം ഇപ്പോഴാണ് ബോധ്യമാകുന്നത്. യുവാവിനെ തിരൂരിലെ ഡിഅഡിക്ഷൻ സെന്ററിലേക്ക് മാറ്റി.