കൊച്ചി: എറണാകുളം കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപം ഹോട്ടലിൽ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ജീവനക്കാരൻ മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി സുമിത് ആണ് മരിച്ചത്. നാലു പേര്‍ക്ക് പരുക്കേറ്റു. എല്ലാവരും ഇതര സംസ്ഥാന തൊഴിലാളികളെന്നാണ് വിവരം. പരിക്കേറ്റ് രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇവരുടെ പേരുവിവരങ്ങൾ വ്യക്തമായിട്ടില്ലെന്നും പോലീസ് അറിയിച്ചു. ഇവരെ വിവിധ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
വൈകുന്നേരം അഞ്ചു മണിയോടെയാണ് സ്റ്റേഡിയത്തിന് സമീപത്തെ ഇഡ്ഡലി കഫേ എന്ന കടയിലെ വെള്ളം തിളപ്പിക്കുന്ന സ്റ്റീമർ പൊട്ടിത്തെറിച്ചത്. സുമിത്തിൻ്റെ ശരീരത്തിൽ ചൂട് വെള്ളം വീഴുകയും ഗുരുതരമായി പൊള്ളലേൽക്കുകയുമായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുമിത്ത് വഴിമധ്യേ മരണപ്പെടുകയായിരുന്നു.
അടുക്കളഭാഗത്ത് ജോലി ചെയ്തിരുന്നവർക്കാണ് പരിക്കേറ്റത്. ഈ സമയം കഫേയിൽ നിരവധിയാളുകളുണ്ടായിരുന്നു. വലിയ ശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നുവെന്ന് ആളുകൾ പറഞ്ഞു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ കഫേയിലെ ചില്ലുകൾ തകരുകയും ചെയ്തു. പൊട്ടിത്തെറിയുടെ കാരണം കണ്ടെത്താനായിട്ടില്ല. പോലീസും അഗ്നിരക്ഷ സേനാംഗങ്ങളും സ്ഥലത്തെത്തി.