കൽപ്പറ്റ: വയനാട് കളക്‌ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം. ക്ലർക്കാണ് ഓഫീസിലെ ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. സഹപ്രവർത്തകനും ജോയിന്റ് കൗൺസിൽ നേതാവുമായ പ്രജിത്ത് മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാ ശ്രമം. ഇതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിലെ സിറ്റിംഗിലും ജീവനക്കാരിയെ മോശമായി പ്രജിത്ത് ചിത്രീകരിച്ചുവെന്നും ആരോപണമുണ്ട്.
ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഈ പരാതി നിലനിൽക്കവെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലം മാറ്റുകയും ചെയ്‌തു. യുവതി നൽകിയ പരാതിയിൽ ഇന്ന് വനിതാ കമ്മീഷൻ സിറ്റിംഗ് ഉണ്ടായിരുന്നു. ഈ സിറ്റിംഗിലും ജീവനക്കാരിയെ മോശമായി ചിത്രീകരിച്ചുവെന്ന് സഹപ്രവർത്തക പറഞ്ഞു. ഇതിൽ മനംനൊന്താണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചുവെന്നാണ് ഇവർ പറയുന്നത്.