Trending

ലൗ ജിഹാദ് ആരോപണം; അഭയം തേടിയെത്തിയത് കേരളത്തിൽ, സംരക്ഷണം നൽകുമെന്ന് കേരള പോലീസ്, വാറണ്ടുമായി ജാർഖണ്ഡ് പോലീസും


ആലപ്പുഴ: ലൗ ജിഹാദ് ആരോപിച്ച്‌ ബന്ധുക്കളും തീവ്രഹിന്ദുത്വ സംഘടനകളും വധഭീഷണി ഉയർത്തിയതിനെ തുടർന്ന്‌ ഭയന്നോടിയ ജാർഖണ്ഡ് സ്വദേശികൾക്ക്‌ അഭയമായി കേരളം. പതിറ്റാണ്ട്‌ നീണ്ട പ്രണയത്തിന്‌ മതനിരപേക്ഷ കേരളത്തിന്റെ തണലിൽ സാഫല്യം. ജാർഖണ്ഡ് ചിത്തപുർ സ്വദേശികളായ മുഹമ്മദ് ഗാലിബും(30) ആശ വർമ(27)യുമാണ് കായംകുളത്തെത്തി വിവാഹിതരായത്‌.

കഴിഞ്ഞമാസം ആശയുടെ അനുവാദമില്ലാതെ വീട്ടുകാർ വിവാഹം ഉറപ്പിച്ചതാണ്‌ സംഭവങ്ങളുടെ തുടക്കം. യുഎഇയിൽ എൻജിനിയറായ ഗാലിബ് വിവരമറിഞ്ഞ്‌ നാട്ടിലെത്തി വീട്ടുകാരുമായി സംസാരിച്ചു. ഇരുവീട്ടുകാരും സമ്മതിച്ചില്ല. ലൗജിഹാദ് ആരോപണവുമായി പ്രദേശത്തെ ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തി. പ്രശ്‌നം വർഗീയ സംഘർഷത്തിലേക്ക് നീങ്ങിയതോടെയാണ്‌ നാടുവിട്ടത്‌. ഗാലിബിനൊപ്പം ജോലിചെയ്യുന്ന കായംകുളം സ്വദേശിയാണ്‌ കേരളത്തിലെത്താനും തന്റെ സുഹൃത്ത്‌ അഭിഭാഷക അഡ്വ. ഗയ.എസ്‌ ലതയെ കാണാനും നിർദ്ദേശിച്ചത്‌. 9ന്‌ കായംകുളത്തെത്തിയ ഇരുവരും 11ന് ഇസ്ലാം മതവിശ്വാസ പ്രകാരവും ചൊവ്വാഴ്‌ച ഹിന്ദുമത വിശ്വാസപ്രകാരവും വിവാഹിതരായി. നിയമപരമായ രജിസ്‌ട്രേഷനും അപേക്ഷിച്ചു.

ജാർഖണ്ഡിലെ പൊലീസിനൊപ്പം പെൺകുട്ടിയുടെ ബന്ധുക്കൾ 15ന്‌ കായംകുളത്തെത്തിയിരുന്നു. പെൺകുട്ടി പോകാൻ തയ്യാറായില്ല. ഇവരെ വിട്ടുനൽകാനാകില്ലെന്ന്‌ കായംകുളം പൊലീസും വ്യക്തമാക്കി. എന്നാൽ ആശയെ ഗാലിബ്‌ തട്ടിക്കൊണ്ടുവന്നതാണെന്ന്‌ കേസ്‌ രജിസ്റ്റർചെയ്‌ത്‌ ചൊവ്വാഴ്‌ച വീണ്ടുമെത്തി. തുടർന്ന്‌ ജില്ലാ പൊലീസ്‌ മേധാവി എം.പി മോഹനചന്ദ്രൻ ഇരുവർക്കും പൊലീസ്‌ സംരക്ഷണം ഉറപ്പാക്കാൻ നിർദ്ദേശിച്ചു. സുരക്ഷ ആവശ്യപ്പെട്ട്‌ ഹൈക്കോടതിയിലും ഹർജി നൽകി. വധഭീഷണിയെ തുടർന്ന്‌ ഗാലിബിന്റെ കുടുംബം റാഞ്ചിയിലേക്ക്‌ മാറി. ഈ നാട്‌ കൈവിടില്ലെന്നും സുരക്ഷിതമായിരിക്കുമെന്നുമുള്ള ഉറപ്പിലാണ്‌ കേരളത്തിലെത്തിയതെന്ന്‌ ഇരുവരും പറഞ്ഞു.

Post a Comment

Previous Post Next Post