കോഴിക്കോട്: ഗോഡ്സയെ പ്രകീർത്തിച്ച് കമൻ്റിട്ട് വിവാദത്തിലായ എൻ ഐടി പ്രൊഫസർ ഷൈജ ആണ്ടവന് ഡീനായി സ്ഥാനക്കയറ്റം. പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് ഡീൻ ആയാണ് സ്ഥാനക്കയറ്റം. 2025 ഏപ്രിൽ ഏഴാം തീയതി മുതലാണ് ഷൈജ ആണ്ടവൻ ഡീനായി ചുമതലയേൽക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ രണ്ട് വർഷത്തേക്കാണ് നിയമനം. പ്രൊഫസർ പ്രിയാചന്ദ്രന്റെ ഡീൻ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഷൈജ ആണ്ടവനെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്.
ഗാന്ധി രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ വർഷമാണ് സമൂഹമാധ്യമ പോസ്റ്റിനു താഴെ ഗോഡ്സയെ പ്രകീർത്തിച്ച് ഷൈജ കമൻ്റിട്ടത്. അഡ്വ. കൃഷ്ണരാജ് എന്നയാളിൻ്റെ പോസ്റ്റിന് ഷൌജ നൽകിയ കമൻ്റാണ് വലിയ വിവാദമായത്. ‘ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ട്’ എന്നായിരുന്നു ഷൈജ കമൻ്റിട്ടത്. നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തിലെ ഒരുപാടു പേരുടെ ഹീറോ’ എന്ന കുറിപ്പോടെ തീവ്ര ഹിന്ദുത്വ നിലപാട് പ്രചരിപ്പിക്കുന്ന അഡ്വ. കൃഷ്ണ രാജ് എന്ന പ്രൊഫൈലില്‍ നിന്നും പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിന് താഴെയാണ് ഷൈജയുടെ കമന്റ് വന്നത്. why Godse Killed Gandhi എന്ന പുസ്തകം വായിച്ചതാണ് ഇത്തരമൊരു കമന്റിടാന്‍ പ്രേരണയായതെന്നാണ് ഷൈജയുടെ വാദം.
ഗോഡ്സെയെ പ്രകീർത്തിച്ചതിൽ ഉറച്ചുനിന്ന അധ്യാപിക സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നതോടെ കമന്റ് പിൻവലിച്ചു. കലാപ ആഹ്വാനത്തിന് കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ഷൈജ കോടതിയിൽ ഹാജരാകുകയും ജാമ്യം ലഭിക്കുകയുമായിരുന്നു.