കൊച്ചി: സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി.രാജു അന്തരിച്ചു. 73 വയസായിരുന്നു. ഇന്ന് പുലർച്ചേ 6.40ഓടെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു.
എഐഎസ്എഫിലൂടെ പൊതുരംഗത്ത് എത്തിയ രാജു എഐവൈഎഫ് ജില്ലാ പ്രസിഡന്റായും സംസ്ഥാന സഹ ഭാരവാഹിയായും പ്രവർത്തിച്ചു. 1991‚1996 വർഷങ്ങളിൽ പറവൂരിൽ എംഎൽഎ ആയിരുന്നു. രണ്ടു തവണ സിപിഐ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. നിലവിൽ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റാണ്. സംസ്കാരം നാളെ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടത്തും.
ഭാര്യ: ലതിക. മകൾ: സിന്ധു. കരുനാഗപ്പള്ളി എസ് വിഎച്ച്എസ് സ്കൂളിൽ അധ്യാപികയാണ്. മരുമകൻ: ഡോ.ജയകൃഷ്ണൻ. കരുനാഗപ്പള്ളിയിൽ സ്വകാര്യ ക്ലീനിക്കിൽ ഡോക്ടർ.