താമരശ്ശേരി: ചുരം ചിപ്പിലിത്തോടിന് സമീപം വാഹനാപകടം. പിക്കപ്പ് വാനും ട്രാവലറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു, എന്നാല്‍ ആരുടേയും പരിക്ക് ഗുരുതരമല്ല. ചുരം കയറുകയായിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ടു പിന്നിലേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് ലോറിയുടെ പിൻഭാഗം പിക്കപ്പിൽ ഇടിച്ചപ്പോൾ, പിക്കപ്പിന് പിന്നിൽ വന്ന ട്രാവലർ അതിലിടിക്കുകയായിരുന്നു. ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം.
പിക്കപ്പിലുണ്ടായിരുന്ന ഡ്രൈവർ അബ്ദുൽ ഹക്കിം, കാസിം എന്നിവർക്ക് സാരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ രണ്ടുപേർ മഞ്ചേരി സ്വദേശികളാണ്. ഇവരെ പുതുപ്പാടിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേരിയിൽ നിന്നും മൈസൂരിലേക്ക് പച്ചക്കറി എടുക്കാനായി പോവുകയായിരുന്നു ഇവർ. താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. നിലവിൽ ചുരത്തിൽ ഗതാഗത തടസ്സങ്ങളൊന്നുമില്ല.