തിരുവനന്തപുരം: മാർച്ച് ഒന്നു മുതൽ പ്രിൻ്റഡ് ആർസി ഉണ്ടാകില്ല. പകരം ഡ്രൈവിംഗ് ലൈസൻസ് മാതൃകയിൽ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്. അതുകൊണ്ടുതന്നെ വാഹനത്തിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ സർവീസുകളും മാർച്ച് 1 മുതൽ ആധാർ അധിഷ്ഠിതമായി മാത്രമേ ലഭ്യമാകൂ (ഉദാഹരണം: ഓണർഷിപ്പ് മാറ്റൽ, ലോൺ ചേർക്കൽ, ലോൺ ഒഴിവാക്കൽ എന്നിങ്ങനെ തുടങ്ങിയവ).
വാഹന സംബന്ധിച്ച കള്ളത്തരങ്ങളും വ്യാജ ഡോക്യുമെന്റുകൾ തടയുന്നതിനും ഇതുമായി ബന്ധപ്പെട്ട മറ്റു തട്ടിപ്പുകൾക്ക് നിങ്ങൾ ഇരയാകാതിരിക്കുന്നതിനും ആധാർ അധിഷ്ഠിത സർവീസ് വരുന്നതോടുകൂടി സാധിക്കും. വണ്ടിയുടെ ഉടമസ്ഥൻ ആരാണോ അദ്ദേഹത്തിന്റെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ തന്നെയാകണം ആർസിയിലും രേഖപ്പെടുത്തിയിരിക്കേണ്ടത്. അല്ലാത്തപക്ഷം വാഹന സംബന്ധമായ എല്ലാ സേവനങ്ങളും തടസ്സപ്പെടുന്നതായിരിക്കും.
ആയതിനാൽ സ്വന്തം പേരിൽ വാഹനമുള്ള എല്ലാവരും അടിയന്തരമായി തങ്ങളുടെ ആധാറിൽ ലിങ്ക് ചെയ്തിരിക്കുന്ന നമ്പർ തന്നെയാണോ ആർസിയിലും നൽകിയിരിക്കുന്നത് എന്ന് ഉറപ്പുവരുത്തുക. ഇതിനായി parivahan.gov.in എന്ന വെബ്സൈറ്റ് വഴിയോ, വെബ്സൈറ്റ് വഴി സ്വയം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് അക്ഷയ വഴിയോ ചെയ്തെടുക്കാവുന്നതാണ്. ഓൺലൈൻ ആയി നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ വരുന്നവർക്ക് ഓഫീസുമായി ബന്ധപ്പെട്ട് ആധാർ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തെടുക്കാൻ ഫെബ്രുവരി ഒന്ന് മുതൽ 28 വരെ പ്രത്യേക കൗണ്ടർ സജീകരിച്ചിട്ടുണ്ട്. ഈ സൗകര്യം എല്ലാ വാഹനയുടമകളും പ്രയോജനപ്പെടുത്തുക