താമരശ്ശേരി: വലിയൊരു അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതിൻ്റെ ഞെട്ടലിലാണ് താമരശ്ശേരിയിലെ സ്വകാര്യ ഫ്ലാറ്റിൽ താമസിക്കുന്ന മുഹമ്മദാലി. ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പില്‍ നിന്നുമാണ് മുഹമ്മദലി തലനാരിഴയ്ക്ക് രക്ഷ നേടിയത്. താമരശ്ശേരി പി.ഡബ്ല്യൂ.ഡി റസ്റ്റ്ഹൗസിന് പിന്നിലെ അഷറഫ് കാഞ്ഞിരത്തിങ്ങലിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഭവം.
ബിൽഡിംഗിൻ്റെ ഗ്രൗണ്ട് ഫ്ലോറിലെ റൂമിലെ ബാത്റൂമിലായിരുന്നു പാമ്പിനെ കണ്ടെത്തിയത്. ബാത്‍റൂമില്‍ കയറിയപ്പോള്‍ ഫ്ലഷ് ടാങ്കിനു താഴെയായി പത്തി വിരിച്ചു നില്‍ക്കുന്ന മൂര്‍ഖനെ കണ്ട് ഞെട്ടിപ്പോയ മുഹമ്മദാലി പെട്ടെന്ന് തന്നെ ബാത്ത് റൂമിൽ നിന്ന് പുറത്തിറങ്ങി. തുടർന്ന് പാമ്പിനെ പിടികൂടുന്നതിൽ പ്രത്യേക പരിശീലനം നേടിയ കോരങ്ങാട് ജംഷീദിനെ വിവരമറിയിക്കുകയായിരുന്നു. ജംഷീദ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ഉദ്യാഗസ്ഥർക്ക് കൈമാറി.