തിരുവനന്തപുരം: തിരുവനന്തപുരത്ത് വെഞ്ഞാറമ്മൂട്ടിൽ കൂട്ടക്കൊല. ആറുപേരെ കൊലപ്പെടുത്തിയെന്ന് യുവാവ് പൊലീസില്‍ മൊഴി നല്‍കി. വെഞ്ഞാറമൂട് സ്വദേശി അഫ്‌നാനാ(23)ണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. അഞ്ച് മരണം പൊലീസ് സ്ഥിരീകരിച്ചു. യുവാവിന്റെ അമ്മയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊലപാതകങ്ങള്‍ക്ക് ശേഷം യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായാണ് കരുതുന്നത്. താൻ 6 പേരെ കൊലപ്പെടുത്തിയെന്നാണ് അഫ്‌നാൻ പൊലീസിനോട് പറഞ്ഞത്. ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച ശേഷം വീട്ടിലെ ഗ്യാസ് പ്രതി തുറന്നുവിട്ടു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. യുവാവ് പറഞ്ഞ സ്ഥലങ്ങളിലേക്ക് പൊലീസ് എത്തിയിട്ടുണ്ട്.
പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. പാങ്ങോട്ടുള്ള വീട്ടിൽ യുവാവിന്റെ മുത്തശ്ശി സൽമാബീവി (88) യുടെ മൃതദേഹം കണ്ടെത്തി. 13 വയസുള്ള സഹോദരൻ അഫ്‌സാനെയും സുഹൃത്ത് ഫർസാനയെയും എസ്.എൻ പുരം ചുള്ളാളത്ത് പ്രതിയുടെ പിതാവിൻ്റെ സഹോദരൻ ലത്തീഫ് (63), ഭാര്യ ഷാഹിദ (53) എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മാതാവ് ഷെമി ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. മൂന്ന് വീടുകളിലായി ആറ് പേരെയാണ് യുവാവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചത്. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
സൗമ്യമായ രീതിയിൽ ആളുകളോട് പെരുമറിയിരുന്ന വ്യക്തിയാണ് അഫാനെന്ന് നാട്ടുകാർ പറയുന്നു. അഫാന്റെ അമ്മയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഉമ്മയ്ക്ക് ബോധം വീണിട്ടില്ല. ഇവരെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഫാന്റെ അച്ഛൻ വിദേശത്താണ്. പ്രതി വിഷം കഴിച്ചുവെന്നും പൊലീസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രതിയെ ഇപ്പോൾ കൊണ്ടുപോയിരിക്കുകയാണ്.