കൊച്ചി: തുടർച്ചയായി റെക്കോർഡിട്ട് സ്വർണ വില കുതിച്ചുയരുന്നു. ഒറ്റദിവസം ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കൂടി ഇന്ന് വീണ്ടും സർവകാല റെക്കോഡിലെത്തിയിരിക്കുകയാണ് സ്വർണം. ഗ്രാമിന് 7905 രൂപയും പവന് 63,240 രൂപയുമാണ് ഇന്നത്തെ വില.
ലോകവിപണിയിൽ കഴിഞ്ഞ ദിവസം സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.9 ശതമാനം വർധനയാണ് ഉണ്ടായത്. ഔൺസിന് 2,897.29 ഡോളറായാണ് വില വർധിച്ചത്. വില 2,845.14 ഡോളർ എന്ന റെക്കോഡ് ഉയരത്തിലെത്തിയതിന് ശേഷം പിന്നീട് നേരിയ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. യു.എസിൽ സ്വർണത്തിന്റെ ഭാവി വിലകളും ഉയരുകയാണ്. 0.3 ശതമാനത്തിന്റെ വർധനയാണ് സ്വർണത്തിന്റെ ഭാവി വില ഉയർന്നത്.
വ്യാപാര യുദ്ധത്തിന് തുടക്കം കുറിക്കുന്ന രീതിയിലുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടികളാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം. ട്രംപിന്റെ നീക്കത്തിന് മറുപടിയായി ചൈന ഇന്ന് യു.എസിന് മേൽ അധിക തീരുവ ചുമത്തിയിരുന്നു. ഇത് മൂലം സുരക്ഷിത നിക്ഷേപമായ സ്വർണമാണ് കൂടുതൽ പേരും നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നത്. ഇത് വിലയെ സ്വാധീനിക്കുന്നുണ്ട്.