തൃശ്ശൂർ: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തൃശ്ശൂര്‍ താമര വെള്ളച്ചാല്‍ സ്വദേശിയായ പ്രഭാകരന്‍ (60) ആണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. രണ്ടു പേർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാടിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയസമയത്ത് ആനയുടെ തൊട്ടുമുമ്പിൽ അകപ്പെടുകയായിരുന്നു. മൃതദേഹം കാടിനുള്ളിലാണ്. പീച്ചി വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമാണ് ഇത്.
പ്രഭാകരനും മകനും മരുമകനും കൂടി ഇന്ന് വെളുപ്പിനാണ് ഉൾക്കാട്ടിൽ പോയത്. അലക്കു സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചീനിക്കായ പെറുക്കാൻ പോയതായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ തന്നെയാണ് പ്രഭാകരന്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം അറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതിന് ശേഷമെ മറ്റ് നടപടികളുണ്ടാകു.
വർഷങ്ങളായി കാട്ടിൽ പോകുന്ന ആദിവാസികളാണ് താമരവെള്ളച്ചാൽ കോളനിക്കാർ. വനവിഭവങ്ങൾ ശേഖരിച്ച് വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനമാണ് ആശ്രയം. ഒട്ടേറെ കാട്ടാനകൾ താമരവെള്ളച്ചാൽ കാട്ടിലുണ്ട്. ആദിവാസി ഊരുകളിൽ താമസിക്കുന്നവർ ഭീതിയിലാണ്. ഇവർക്ക് വീടുകളിൽ കഴിയാൻ ആശങ്കയുണ്ട്.