Trending

പകുതി വിലക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും; ഉണ്ണികുളത്ത് കബളിപ്പിക്കപ്പെട്ടത് 360 പേർ.

പൂനൂർ: പകുതി വിലക്ക് സ്ത്രീകൾക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഉണ്ണികുളത്ത് 359 പേർ തട്ടിപ്പിനിരയായതായി പ്രാഥമിക വിവരം. കാന്തപുരം, പുനൂർ, എകരൂൽ തുടങ്ങിയ പ്രദേശങ്ങളിൽ സമാന രീതിയിൽ കോടികളുടെ തട്ടിപ്പ് നടന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ.

കാന്തപുരത്തെ പ്രധാന ജീവകാരുണ്യ സംഘടനയായ ‘യങ് മെൻസ്’ കാന്തപുരത്തിന് കീഴിൽ സ്കൂട്ടറിനും മറ്റും ബുക്ക് ചെയ്തവർക്ക് മാത്രം ഒരു കോടിയോളം രൂപയുടെ സാധനസാമഗ്രികളാണ് ലഭിക്കാനുള്ളത്. 40 വർഷത്തോളമായി ഒട്ടേറെ ജീവകാരുണ്യ രംഗത്ത് സ്തുത്യർഹമായ രീതിയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് യങ് മെൻസ് കാന്തപുരം. തങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നു എന്നാണ് യങ് മെൻസ് ഭാരവാഹികൾ പറയുന്നത്. കബളിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയതിനെതിരെ യങ് മെൻസ് ഭാരവാഹികൾ ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

എകരൂൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഉണ്ണികുളം മഹിള സമാജത്തിന് കീഴിൽ പണം അടച്ചവർക്ക് 50 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങളാണ് ലഭിക്കാനുള്ളത്. സ്കൂട്ടറിന്റെ വിലയുടെ പകുതി അടച്ചാൽ ബാക്കിയുള്ള തുക വലിയ കമ്പനികളുടെ സാമൂഹിക സുരക്ഷ ഫണ്ട് മുഖേന ലഭിക്കുമെന്ന് സന്നദ്ധ സംഘടനകളെ വിശ്വസിപ്പിച്ചാണ് തട്ടിപ്പിന്റെതുടക്കം. ആദ്യം പണം അടച്ച ഏതാനും പേർക്ക് സ്കൂട്ടറും ലാപ്ടോപ്പും ഗൃഹോപകരണങ്ങളും നൽകി സന്നദ്ധ സംഘടനകളുടെ വിശ്വാസം പിടിച്ചുപറ്റിയിരുന്നു. പണം അടച്ച് 90 ദിവസത്തിനകം വാഹനം നൽകുമെന്നായിരുന്നു വാഗ്ദാനം.

എന്നാൽ, 2024 ഏപ്രിൽ മാസം മുതൽ പണമടച്ചവർക്ക് കാലാവധി കഴിഞ്ഞിട്ടും സ്കൂട്ടറും ലാപ്ടോപ്പും തയ്യൽ മെഷീനും ലഭിക്കാതെ വന്നതോടെ നിക്ഷേപകർ ആക്ഷേപവുമായി രംഗത്തെത്തിയിരുന്നു. ഉടൻ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപകരെ സന്നദ്ധ സംഘടനകൾ സമാധാനിപ്പിച്ചത്. അതേസമയം, 2023ലാ
ണ് എൻ.ജി.ഒ സംഘടനയുമായി ഉണ്ണികുളം മഹിള സമാജം ചേർന്ന് പ്രവർത്തിക്കുന്നതെന്നും ഇതുവരെയും 200 തയ്യൽ മെഷീൻ, 62 സ്കൂട്ടർ, 27 ലാപ്ടോപ്, 17 കോഴിക്കൂട്, 15 കുട്ടികൾക്ക് സ്കൂൾ കിറ്റ് എന്നിവ പകുതി വിലക്ക് മഹിള സമാജം കൊടുത്തു കഴിഞ്ഞിട്ടുണ്ടെന്നും നിലവിൽ 24 സ്കൂട്ടർ,12 ലാപ്ടോപ്പുമാണ് അവധി കഴിഞ്ഞതെന്നും മഹിള സമാജം പ്രസിഡന്റ് രുഗ്മിണി ടീച്ചർ പറഞ്ഞു.

പുതുതായി 52 സ്കൂട്ടറിന് ഒമ്പത് മാസ കാലാവധിയിലാണ് പണം വാങ്ങി അടച്ചതെന്നും അവർ കൂട്ടിച്ചേർത്തു. തട്ടിപ്പ് കേസിൽ അനന്തുകൃഷ്ണൻ എന്നയാളെ പൊലീസ് അറസ്റ്റ്ചെയ്തതോടെ പണം മുടക്കിയവരുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ വരുന്ന ശബ്ദ സന്ദേശത്തിൽ പദ്ധതി പൂർണമായും നടപ്പാക്കുമെന്നും ഇപ്പോൾ തെറ്റിദ്ധാരണയുടെ പേരിലുള്ള അറസ്റ്റാണ് നടക്കുന്നതെന്നും പ്രചരിക്കുന്നുണ്ട്.

Post a Comment

Previous Post Next Post