മുക്കം: മോഷണം പോയ സ്വർണം തിരികെ വീട്ടിൽ കൊണ്ടിട്ട നിലയിൽ. കഴിഞ്ഞ ശനിയാഴ്ച മോഷണം പോയ 30 പവൻ സ്വർണമാണ് കള്ളൻ തിരികെ കൊണ്ട് വെച്ചത്. മുക്കം കാരശ്ശേരി സ്വദേശി കുമാരനല്ലൂര്‍ കൂടങ്ങരമുക്കില്‍ ചക്കിങ്ങല്‍ ഷെറീനയുടെ വീട്ടിൽ ആണ് സംഭവം. വീടിന് പുറത്ത് അലക്കാനുള്ള വസ്ത്രം സൂക്ഷിച്ച ബക്കറ്റിൽ നിന്നുമാണ് സ്വർണം കണ്ടെത്തിയത്.
ഷെറീനയും വീട്ടുകാരും ബന്ധുവീട്ടിൽ പോയ നേരത്തായിരുന്നു മോഷണം നടന്നത്. പ്രസവത്തിനായി വീട്ടിലെത്തിയ ഷെറീനയുടെ മകളുടെ സ്വർണ്ണം വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്നു. ഈ സ്വർണ്ണമാണ് മോഷണം പോയത്. വീടിന്‍റെ ഓട് പൊളിച്ചിറങ്ങിയാണ് മോഷ്ടാവ് സ്വർണ്ണാഭരണങ്ങൾ കവർന്നത്. സംഭവത്തിന് പിന്നാലെ ഷെറീന മുക്കം പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. മുറിയിലെ അലമാരയുടെ ചുവട്ടില്‍ പെട്ടികളിലായി സൂക്ഷിച്ച 30 പവനോളം സ്വര്‍ണാഭരണമാണ് നഷ്ടമായിരുന്നത്.
മുക്കം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന് പിന്നാലെയാണ് മോഷണം നടന്ന് നാലാം ദിവസം വീടിന് പുറത്തുനിന്നും നഷ്ടപ്പെട്ട 30 പവനും കണ്ടെത്തിയത്. മോഷ്ടിച്ചതും പിന്നീട് തിരികെ കൊണ്ടുവന്നതും ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.