താമരശ്ശേരി: താമരശ്ശേരിയിൽ അംഗനവാടി ടീച്ചർ മൂന്ന് വയസുകാരിയുടെ കൈപിടിച്ചു തിരിച്ച് പരിക്കേറ്റ സംഭവത്തിൽ വനിതാ-ശിശു വികസന വകുപ്പിന്റെ നടപടി. മൂന്നാംതോട് അംഗനവാടി ടീച്ചർ മിനിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. അന്വേഷണം നടത്തി റിപ്പോർട്ട് വേഗത്തിൽ നൽകാൻ വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അംഗനവാടിയിൽ നിന്ന് അമ്മയ്‌ക്കൊപ്പം പോകാനായി കരഞ്ഞ കുഞ്ഞിനെ ടീച്ചർ ബലമായി ക്ലാസിനുള്ളിലേക്ക് വലിച്ചു. വലിയുടെ ആഘാതത്തിൽ കുഞ്ഞിന്റെ കൈക്ക് പരിക്കേൽക്കുകയായിരുന്നു. വേദനയെത്തുടർന്ന് കുഞ്ഞ് അംഗനവാടിയിൽ വെച്ച് കരഞ്ഞെങ്കിലും ടീച്ചർ ശ്രദ്ധിച്ചില്ല. വീട്ടിലെത്തിയ ശേഷം കുഞ്ഞ് കൈ അനക്കാത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സാരമായി പരിക്കേറ്റ വിവരം മനസ്സിലാക്കുന്നത്. തുടർന് രക്ഷിതാക്കൾ പരാതി നൽകുകയായിരുന്നു.