കോഴിക്കോട്: മാർച്ച് മൂന്നിന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷയ്ക്കായുള്ള ഒരുക്കം ജില്ലയിൽ പൂർത്തിയായി. മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി 204 പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമായി. കൂടുതൽ കേന്ദ്രങ്ങൾ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലാണ്- 72. കോഴിക്കോട്- 70, വടകര- 64 എന്നിങ്ങനെയാണ് മറ്റു കണക്കുകൾ. 43,904 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. കുറവ് കേന്ദ്രങ്ങളുള്ള വടകര വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ- 16,022. കോഴിക്കോട്ട് 12,688 വിദ്യാർത്ഥികളും താമരശ്ശേരിയിൽ 15,194 വിദ്യാർത്ഥികളും പരീക്ഷയെഴുതും.
ജില്ലയിലാകെ ഏഴ് വിദ്യാർത്ഥികൾ പ്രൈവറ്റായി പരീക്ഷയെഴുതും. ഭിന്നശേഷി വിഭാഗത്തിൽ 1500ലധികം കുട്ടികൾക്ക് ബോർഡ് സർട്ടിഫിക്കറ്റ് ലഭ്യമായതിനാൽ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത് താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചക്കാലക്കൽ എച്ച്എസ്എസിലാണ്. ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത് കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ പറയഞ്ചേരി ജിഎച്ച്എസ്എസിലാണ്. ചീഫ്, ഡെപ്യൂട്ടി ചീഫ് ഇൻവിജിലേറ്റർമാരുടെ നിയമനവും പൂർത്തിയായി. 3000 അധ്യാപകരെയാണ് പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചത്.
ചോദ്യപേപ്പറുകൾ പരീക്ഷാ ദിവസങ്ങളിൽ അതത് കേന്ദ്രങ്ങളിൽ എത്തിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. മോണിറ്ററിങ്ങിന്റെ ഭാഗമായി ഡിപ്പാർട്ട്മെന്റ് തലത്തിലും പൊതുവിദ്യാഭ്യാസ ഡയറക്ടർ തലത്തിലും വിദ്യാഭ്യാസ ഉപഡയറക്‌ടർ തലത്തിലും പ്രത്യേക സ്ക്വാഡുകളും രൂപീകരിച്ചു. മാര്‍ച്ച് 26ന് പരീക്ഷ അവസാനിക്കും. ഐടി പരീക്ഷയൊഴികെ ഒമ്പത് പരീക്ഷകളാണുള്ളത്. ഒന്നാം ഭാഷയിൽ തുടങ്ങി ജീവശാസ്ത്രം പരീക്ഷയോടെയാണ് അവസാനിക്കുക.