മലപ്പുറം: അരീക്കോട് തെരട്ടമ്മലിൽ ഫുട്ബോൾ കളിക്കിടെ പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടി 22 പേർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഉയരത്തിൽ വിട്ട പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടുകയായിരുന്നു എന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ടൂർണമെൻ്റിൻ്റെ ഫൈനൽ മത്സരമായിരുന്നു ഇന്ന്. ഇതിന് മുന്നോടിയായി കരിമരുന്ന് പ്രയോഗമുണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായി പൊട്ടിച്ച പടക്കമാണ് ദിശ മാറി കാണികൾക്കിടയിൽ വീണ് പൊട്ടിയത്. പടക്കത്തിൻ്റെ തീപ്പൊരി ചിതറി വീണ് മൂന്ന് പേർക്ക് പൊള്ളലേറ്റു. പരിഭ്രാന്തരായ കാണികൾ ചിതറി ഓടിയതോടെ ഇതിൽ പലരും വീണു. ഇങ്ങനെ 19 പേർക്കും പരുക്കേറ്റു. ഇവരെയെല്ലാം അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം സ്ഥലത്ത് മത്സരം പുനരാരംഭിച്ചു.