Trending

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം; എൽഡിഎഫ് 17, യുഡിഎഫ് 12.


തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെര‍ഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്ജ്വല വിജയം. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ 30 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നിരുന്നത്. ഇതില്‍ 17 ഇടത്തും എല്‍ഡിഎഫ് വെന്നിക്കൊടി പാറിച്ചു. 12 ഇടത്ത് യുഡിഎഫും ഒരിടത്ത് എസ്ഡിപിഐയുമാണ് വിജയിച്ചത്. 

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശ്രീവരാഹം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.ഹരികുമാര്‍ വിജയിച്ചു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണ് ശ്രീവരാഹം. മുന്‍ കൗണ്‍സിലര്‍ എസ് വിജയകുമാറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം പാങ്ങോട് ഗ്രാമപ്പഞ്ചായത്തിലെ യുഡിഎഫ് സീറ്റായിരുന്ന പുലിപ്പാറ വാര്‍ഡ് എസ്ഡിപിഐ പിടിച്ചെടുത്തു. ഇവിടെ യുഡിഎഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 674 വോട്ടുകള്‍ക്കാണ് ഇവിടെ എസ്ഡിപിഐ വിജയിച്ചത്. ജില്ലയിലെ കരുംകുളം പഞ്ചായത്തിലെ കൊച്ചുപള്ളി വാര്‍ഡ് യുഡിഎഫ് വിജയിച്ചു. പൂവച്ചല്‍ പഞ്ചായത്തിലെ സിറ്റിങ് സീറ്റായ പുളിങ്കോട് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.

കൊല്ലം ജില്ലയില്‍ തെരഞ്ഞടുപ്പ് നടന്ന വാര്‍ഡുകളിലൊന്നിലും അട്ടിമറികള്‍ സംഭവിച്ചില്ല. എല്ലാവരും അവരവരുടെ സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി. കൊട്ടാരക്കര മുനിസിപ്പാലിറ്റി കല്ലുവാതുക്കള്‍ ഡിവിഷന്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് കൊട്ടറ ഡിവിഷന്‍, കുലശേഖരപുരം ഗ്രാമപ്പഞ്ചായത്ത് കൊച്ചുമാംമൂട് വാര്‍ഡ് ക്ലാപ്പന പഞ്ചായത്ത് പ്രയാര്‍ തെക്ക് ബി. വാര്‍ഡുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് അഞ്ചല്‍ ഡിവിഷന്‍, ഇടമുളക്കല്‍ പഞ്ചായത്ത് പടിഞ്ഞാറ്റിന്‍കര പഞ്ചായത്ത് എന്നീ വാര്‍ഡുകള്‍ യുഡിഎഫും നിലനില്‍ത്തി.

പത്തനംതിട്ടയില്‍ മൂന്ന് വാര്‍ഡുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോല്‍ ഫലം വന്ന രണ്ടിടങ്ങളില്‍ ഒരിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു. അയിരൂര്‍ പഞ്ചായത്തിലെ തടിയൂര്‍ വാര്‍ഡില്‍ യുഡിഎഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രീത നായര്‍ 106 വോട്ടുകള്‍ക്ക് വിജയച്ചു. പുറമറ്റം ഗ്രാമപഞ്ചായത്ത് ഗ്യാലക്‌സി നഗര്‍ വാര്‍ഡില്‍ എല്‍ഡിഎഫിലെ ശോഭിക ഗോപി വിജയിച്ചു. ആലപ്പുഴ ജില്ലയിലെ കാവാലം ഗ്രാമപഞ്ചായത്ത് പാലോടം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മംഗളാനന്ദന്‍ വിജയിച്ചു. മുട്ടാര്‍ ഗ്രാമപഞ്ചായത്ത് മിത്രക്കാരി ഈസ്റ്റ് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്‍സി വിജയിച്ചു. കോട്ടയം ജില്ലയിലെ രാമപുരം ഗ്രാമപഞ്ചായത്തിലെ ജിവി സ്‌കൂള്‍ വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രജിത വിജയിച്ചു. ഇടുക്കിയിലെ വാത്തിക്കുടി ഗ്രാമപഞ്ചായത്ത് ദൈവംമേട് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിനും വിജയിച്ചു. 

എറണാകുളം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്നിടങ്ങളില്‍ യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും വിജയിച്ചു. ജില്ലയിലെ കോതമംഗലം പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പനങ്കര വാര്‍ഡില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടി. ഇതോടെ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അമല്‍രാജാണ് ഇവിടെ വിജയിച്ചത്. അശമന്നൂര്‍ ഗ്രാപഞ്ചായത്ത് മതല തെക്ക് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ എന്‍എം നൗഷാദ് വിജയിച്ചപ്പോള്‍ മൂവാറ്റപുഴ മുനിസിപ്പാലിറ്റി ഈസ്റ്റ് ഹൈസ്‌കൂള്‍ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മോര്‍ക്കുട്ടി ചാക്കോയും വിജയിച്ചു. പായിപ്ര ഗ്രാപഞ്ചായത്ത് നിരപ്പ് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുജാതയും വിജയിച്ചു.

തൃശൂര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് മാന്തോപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷഹര്‍ബാനാണ് ഇവിടെ വിജയിച്ചത്. പാലക്കാട് മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് കീഴ്പാടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. പി ബി പ്രഷോഭാണ് ഇവിടെ വിജയിച്ചത്. മലപ്പുറം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളും യുഡിഎഫ് നിലനിര്‍ത്തി. കരുളായി ഗ്രാമപഞ്ചായത്ത് ചക്കിട്ടാമല വാര്‍ഡില്‍ മുസ്‌ലിം ലീഗിലെ വിപിനും തിരുനാവായ ഗ്രാമപഞ്ചായത്ത് എടക്കുളം ഈസ്റ്റ് വാര്‍ഡില്‍ കോണ്‍ഗ്രസിലെ അബ്ദുല്‍ ജബ്ബാറും വിജയിച്ചു.

കോഴിക്കോട് ജില്ലയിലെ പുറമേരി ഗ്രാമപഞ്ചായത്ത് കുഞ്ഞല്ലൂരില്‍ യുഡിഎഫ് വിജയം നേടി. പുതിയോട്ടില്‍ അജയന്‍ വിജയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശരണ്യ സുരേന്ദ്രന്‍ വിജയിച്ചു. കാസര്‍കോഡ് ജില്ലയിലെ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. രണ്ടിടങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വോട്ടെടുപ്പ് നടന്ന കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് അയറോട്ട് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സൂര്യ ഗോപാലന്‍ വിജയിച്ചു. ജില്ലയിലെ മടിക്കൈ പഞ്ചായത്ത് കോളിക്കുന്ന് വാര്‍ഡിലും കയ്യൂര്‍ പഞ്ചായത്ത് പള്ളിപ്പാറ വാര്‍ഡിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നേരത്തേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post