പേരാമ്പ്ര: പേരാമ്പ്രയിൽ 16 വയസുകാരനായ വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസിൽ നാലുപേർ പിടിയിൽ. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുറ്റ്യാടി എടത്തും വേലിക്കകത്ത് മുനീർ (48), മുഫീദ് (25), മുബഷിർ (21), വേളം ശാന്തിനഗർ പറമ്പത്ത് മീത്തൽ ജുനൈദ് (29), തുടങ്ങിയവരാണ് റിമാൻഡിലായത്.
ജനുവരി 11ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പേരാമ്പ്ര ബസ് സ്റ്റാൻഡിന് സമീപം കള്ളുഷാപ്പ് റോഡിൽ വച്ച് 16 കാരനെ പ്രതികൾ ബലമായി കാറിൽ കയറ്റി കൊണ്ടുപോവുകയും കാറിൽ വച്ചും കുറ്റ്യാടി ഊരത്തെ ഒരു വീട്ടിൽ വച്ച് ഇരുമ്പുവടി കൊണ്ട് ക്രൂരമായി മർദ്ദിക്കുകയും അടിവയറ്റിൽ ശക്തിയായി ചവിട്ടുകയും ചെയ്തു എന്ന് പരാതിയിൽ പറയുന്നു.
പേരാമ്പ്ര പോലീസ് ഇൻസ്‌പെക്ടർ പി.ജംഷിദിന്റെ നിർദ്ദേശാനുസരണം സബ്.ഇൻസ്‌പെക്ടർ പി.ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.