വടകര: വടകര തോടന്നൂരിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു. തോടന്നൂരിലെ മദ്രസയിലെത്തിയ കുട്ടികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവിടെ കഴിഞ്ഞ ഞായറാഴ്ച നേർച്ച ഭക്ഷണമുണ്ടായിരുന്നു. ഇത് കഴിച്ച ചില കുട്ടികൾ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ചയും തുടർന്നുള്ള ദിവസങ്ങളിലും ചികിത്സ തേടിയിരുന്നു.
പതിനഞ്ച് കുട്ടികളാണ് വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. ഭക്ഷണത്തിലൂടെയാണോ വെള്ളത്തിലൂടെയാണോ ഭക്ഷ്യവിഷബാധയെന്ന് വ്യക്തമായിട്ടില്ല. കുട്ടികളുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലന്നാണ് വിവരം. കുട്ടികൾ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.