Trending

പി.സി ജോര്‍ജ് ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു


കോട്ടയം: മത വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പി.സി ജോര്‍ജ് ജയിലിലേക്ക്. 14 ദിവസത്തേക്ക് പി.സി ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തു. നേരത്തെ ജോര്‍ജിനെ വൈകിട്ട് ആറു വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ആറുമണിക്ക് ശേഷം ജോര്‍ജിനെ ജയിലിലേക്ക് മാറ്റും. ‌ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ പി.സി ജോര്‍ജ് ഇന്ന് രാവിലെ 11 മണിയോടെയാണ് ഈരാറ്റുപേട്ട കോടതിയില്‍ ഹാജരായത്. ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ഈരാറ്റുപേട്ട പൊലീസ് പി.സി ജോര്‍ജിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

30 വര്‍ഷത്തോളം എംഎല്‍എ ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി.സി ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞാണ് ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയത്. മതവിദ്വേഷ പരാമര്‍ശം ആവര്‍ത്തിക്കരുതെന്ന കര്‍ശ്ശന ഉപാധിയോടെയാണ് സമാന സ്വഭാവമുള്ള മുന്‍ കേസുകളില്‍ ജാമ്യം അനുവദിച്ചതെന്നും അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

പി.സി ജോര്‍ജ് മുമ്പ് നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങളും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും ഹര്‍ജിക്കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്നും കോടതി പറയുകയുണ്ടായി. സമുദായ സ്പര്‍ധയും വിദ്വേഷവും പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ പി.സി ജോര്‍ജിനെ മുമ്പും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post