കണ്ണൂർ: കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയില്‍ 32 വയസ്സുള്ള യുവതിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 12 കിലോഗ്രാം ഭാരമുള്ള മുഴ. ഓങ്കോസർജറി വിഭാഗമാണ് അതീവ സങ്കീർണ്ണവും ദുഷ്കരവുമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. വിദേശത്ത് താമസിക്കുന്ന യുവതി വയറുവേദനയെ തുടർന്ന് കണ്ണൂർ ആസ്റ്റർ മിംസില്‍ ചികിത്സ തേടുകയായിരുന്നു. മെലിഞ്ഞ ശരീരപ്രകൃതിയായിരുന്നു യുവതിയുടേത്. എന്നാല്‍ സമീപകാലത്ത് ശരീരം തടിക്കുന്നു എന്നും വയറില്‍ അസ്വസ്ഥത അനുഭവപ്പെടുന്നു എന്നും കണ്ടതിനെ തുടർന്ന് ഗള്‍ഫില്‍ ചികിത്സ തേടുകയും മരുന്ന് കഴിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അസ്വസ്ഥത കുറയാത്തതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സ തേടി കണ്ണൂർ ആസ്റ്റർ മിംസില്‍ എത്തുകയായിരുന്നു.
ആസ്റ്റർ മിംസില്‍ വെച്ച് നടത്തിയ സ്കാനിംഗിലാണ് മുഴ ശ്രദ്ധയില്‍പ്പെട്ടത്. വയറ് മുഴുവൻ വളർന്ന് വ്യാപിച്ചു കിടന്ന മുഴ നെഞ്ചിന്റെ ഭാഗത്തേക്കും പടർന്നിരുന്നു. ഇത് യുവതിക്ക് ശ്വാസതടസ്സം ഉണ്ടാകാൻ സാധ്യതയുണ്ടാക്കി. മാത്രമല്ല മുഴ വളർന്നതിന് അനുസരിച്ച് കുടലിന്റെ ഒരു ഭാഗം അമർന്നുപോവുകയും മുഴയുടെ പിറകുവശത്ത് ഒട്ടിച്ചേരുകയും ചെയ്തു. തുടർന്ന് ശസ്ത്രക്രിയയിലൂടെ എത്രയും പെട്ടെന്ന് മുഴ പുറത്തെടുക്കാൻ തീരുമാനിച്ചു.
ശസ്ത്രക്രിയയില്‍ പ്രധാനമായും മൂന്ന് വെല്ലുവിളികളാണ് ഉണ്ടായിരുന്നത്. ഒന്നാമതായി മുഴയോട് ഒട്ടിച്ചേർന്ന് കിടക്കുന്ന കുടലിന്റെ ഭാഗം വിജയകരമായി നീക്കം ചെയ്യണം. രണ്ടാമതായി മുഴ പൊട്ടിപ്പോകാതെ പൂർണമായും പുറത്തെടുക്കണം. ഏതെങ്കിലും കാരണവശാല്‍ മുഴ പൊട്ടിപ്പോവുകയും അതിനകത്തെ ദ്രാവകം വയറിനുള്ളില്‍ പതിക്കുകയും ചെയ്താല്‍ പുതിയ മുഴകള്‍ വളരാനും കാൻസറായി മാറുവാനും സാധ്യതയുണ്ട്. മൂന്നാമതായി യുവതി അവിവാഹിതയായതിനാല്‍ അണ്ഡാശയവും ഗർഭപാത്രവും പൂർണമായി നീക്കം ചെയ്യപ്പെട്ടാല്‍ ഭാവിയില്‍ ഗർഭിണിയാകാനുള്ള സാധ്യത ഇല്ലാതാകും.
ഈ വെല്ലുവിളികളെ അതിജീവിക്കാൻ ഫെർട്ടിലിറ്റി പ്രിസർവേഷൻ സ്റ്റേജിംഗ് ലാപ്പറോട്ടമി എന്ന ശസ്ത്രക്രിയാ രീതി സ്വീകരിക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. ഗർഭപാത്രം പൂർണമായും അണ്ഡാശയത്തിന്റെ ഒരു ഭാഗവും നിലനിർത്തിക്കൊണ്ടുള്ള ശസ്ത്രക്രിയാ രീതിയാണിത്. ഡോ. കെ.പി അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സംഘം ഈ മൂന്ന് വെല്ലുവിളികളെയും വിജയകരമായി അതിജീവിച്ചു.
മുഴയ്ക്ക് 50 സെൻ്റീമീറ്റർ നീളവും 30 സെൻ്റീമീറ്റർ വീതിയും ഉണ്ടായിരുന്നു. ഇത്രയും വലിയ മുഴ മനുഷ്യശരീരത്തിലുണ്ടാകുന്നത് അപൂർവമാണെന്നും മറ്റ് കുഴപ്പങ്ങളില്ലാതെ ഇത്രയും വലിയ മുഴ നീക്കം ചെയ്യാൻ സാധിക്കുന്നത് അത്യപൂർവമാണെന്നും ഡോ. കെ.പി അബ്ദുല്ല പറഞ്ഞു. സർജിക്കല്‍ ഓണ്‍ക്കോളജി വിഭാഗം ഡോ. കെ.പി അബ്ദുല്ല, ഗൈനക്കോളജി വിഭാഗം ഡോ. ഭവ്യ, അനസ്തേഷ്യ വിഭാഗം ഡോ. പ്രശാന്ത് തുടങ്ങിയവർ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കി.