കോഴിക്കോട്: ഗവ.മെഡിക്കൽ കോളജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളെ റാഗ് ചെയ്തെന്ന പരാതിയിൽ 11 രണ്ടാംവർഷ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. തുടർനടപടികൾക്കായി പരാതി മെഡിക്കൽ കോളജ് പൊലീസിനു കൈമാറി.
കോളജ് ഹോസ്‌റ്റലിലാണ് ജൂനിയർ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്‌തത്. ജൂനിയർ വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളിൽ നിന്ന് മാനസിക-ശാരീരിക ഉപദ്രവമുണ്ടായെന്നാണ് പരാതി. കഴിഞ്ഞ ആഴ്ച നടന്ന സംഭവം രക്ഷിതാക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചർച്ചയായിരുന്നു. തുടർന്ന് പ്രിൻസിപ്പൽ ഡോ. കെ.ജി സജീത്ത് കുമാർ അനാട്ടമി വിഭാഗം മേധാവിയുടെ നേതൃത്വത്തിലുള്ള സമിതിയെ അന്വേഷണത്തിനു നിയോഗിക്കുകയായിരുന്നു. നടപടിക്കു വിധേയരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി പരാതിയെക്കുറിച്ചും ഇതുപ്രകാരം കുട്ടികൾക്കെതിരെ സ്വീകരിച്ച നടപടിയെക്കുറിച്ചും ബോധ്യപ്പെടുത്തിയതായും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
ജൂനിയർ വിദ്യാർത്ഥികളുടെ സുരക്ഷക്കായി കഴിഞ്ഞ മാസം വരെ നാല് സുരക്ഷാ ജീവനക്കാരെ പ്രത്യേകം നിയോഗിച്ചിരുന്നു. ഇത് പിൻവലിച്ച ശേഷമാണ് റാഗിങ് പരാതി ഉയർന്നത്. കോളേജിന്‍റെ ആന്റി റാഗിങ് കമ്മിറ്റി യോഗം ഉടനെ ചേരും.