Trending

പുലിയെപ്പിടിക്കാൻ ഇരയില്ലാതെ കൂട്; പ്രതിഷേധത്തിന് ഒടുവിൽ ഇരയെക്കെട്ടി വനം വകുപ്പ്


തിരുവമ്പാടി: കൂടരഞ്ഞി പഞ്ചായത്തിലെ കൂരിയാട് മേഖലയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഇന്നലെ വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും കൂട്ടിൽ ഇരയെ കെട്ടാത്തതിനെതിരെ കർഷക കോൺഗ്രസ് ഉപരോധ സമരം നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച പുലിയെ കണ്ട് ഭയന്നോടിയ വീട്ടമ്മയ്ക്ക് വീണു പരുക്കേറ്റിയിരുന്നു. ഒരു മാസത്തോളമായി പഞ്ചായത്തിലെ മലയോര പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യമുണ്ടെന്ന് കർഷകർ പരാതിപ്പെട്ടിരുന്നു. വളർത്തു മൃഗങ്ങളെ പുലി പിടിക്കുകയും ചെയ്തിരുന്നു. വനം വകുപ്പ് സ്ഥലത്ത് സിസിടിവി സ്ഥാപിച്ചങ്കിലും ക്യാമറയിൽ വന്യജീവിയുട ദൃശ്യങ്ങളൊന്നും പതിഞ്ഞില്ല. വനം വകുപ്പ് അധികൃതർ കാൽപ്പാടുകൾ പരിശോധിച്ച് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് ശനിയാഴ്ച വൈകിട്ട് കൂരിയാട് പ്രദേശത്ത് ലിന്റോ ജോസഫ് എംഎൽഎയുടെ സാന്നിധ്യത്തിൽ കൂടു സ്ഥാപിച്ചത്.

കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറയുടെ നേതൃത്വത്തിൽ പരുക്കേറ്റ വീട്ടമ്മയെ ഇന്നലെ സന്ദർശിച്ചിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഇരയില്ലാതെയാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചതെന്നു കണ്ടത്. ഇത് ജനങ്ങളെ പറ്റിക്കാനുള്ള നീക്കം ആണെന്നു കർഷക കോൺഗ്രസ് ആരോപിച്ചു. തുടർന്ന് പീടികപ്പാറ ഫോറസ്റ്റ് സെക്ഷൻ ഫോറസ്റ്റർ സുധീറിനെ കർഷക കോൺഗ്രസ് നേതാക്കൾ ഉപരോധിക്കുകയായിരുന്നു. സിസിഎഫിന്റെ ഉത്തരവ് ഉണ്ടെങ്കിലേ ഇരയെ കൂട്ടിൽ കെട്ടാൻ സാധിക്കൂ എന്നാണ് വനപാലകർ പറഞ്ഞത്. എന്നാൽ ഇരയെ കൂട്ടിൽ കെട്ടാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന തീരുമാനത്തിൽ കർഷക കോൺഗ്രസ് നേതാക്കൾ എത്തിയതോടെ ഫോറസ്റ്റ് ഡപ്യൂട്ടി ഗ്രേഡ് റേഞ്ചർ കെ.സുധീറുമായി ചർച്ച നടത്തി. ഒടുവിൽ ഇന്നലെ രാത്രിയോടെ ഇരയെ കെട്ടി.

Post a Comment

Previous Post Next Post