പേരാമ്പ്ര: കുറ്റ്യാടി-കോഴിക്കോട് സംസ്ഥാന പാതയിൽ വെള്ളിയൂരിനും നടുവണ്ണൂരിനും ഇടയിൽ വെച്ച് കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥയായ സ്ത്രീക്ക് തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. പേരാമ്പ്ര ബസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ മരുതേരി കുന്നത്ത് റഷീദിന് ആണ് കഴിഞ്ഞ ദിവസം യാത്രക്കിടെ രണ്ടു പവനിലധികം വരുന്ന സ്വർണ്ണമാല കളഞ്ഞു കിട്ടിയത്. അദ്ദേഹം സ്വർണാഭരണം പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലും മറ്റും സ്വർണാഭരണം കളഞ്ഞു കിട്ടിയെന്ന വാർത്ത കണ്ടതിനെ തുടർന്ന് ഉടമസ്ഥ കക്കഞ്ചേരി രമ്യ രജീഷ് പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ എത്തുകയും സ്വർണാഭരണം ഏറ്റുവാങ്ങുകയുമായിരുന്നു.