നരിക്കുനി: ആൾമറയില്ലാത്ത കിണറ്റിൽവീണ് നട്ടെല്ലിന് പരിക്കേറ്റ അതിഥിത്തൊഴിലാളിയെ നരിക്കുനി അഗ്നിരക്ഷാസേന രക്ഷപ്പടുത്തി. പശ്ചിമബംഗാൾ സ്വദേശി സദ്ദാമിനെയാണ് രക്ഷപ്പെടുത്തിയത്. മടവൂർ പഞ്ചായത്തിലെ നാര്യച്ചാൽ വള്ളിയേടത്ത് മീത്തൽ അബ്ദുൽ അസീസിന്റെ 50 അടി താഴ്ചയുള്ള ആൾമറയില്ലാത്ത കിണറ്റിൽ ജോലിചെയ്യുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നു. കിണറ്റിൽ വെള്ളമില്ലാത്തതിനാൽ വീഴ്ചയിൽ നട്ടെല്ലിനുപരിക്കേറ്റിരുന്നു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.
നരിക്കുനി അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ജാഫർ സാദിക്കിന്റെ നേതൃത്വത്തിലെത്തിയ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ടി.കെ. മുഹമ്മദ് ആസിഫ്, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ കെ. അഭിഷേക് എന്നിവർ കിണറ്റിലിറങ്ങി പരിക്കേറ്റയാളെ സ്ട്രക്ചറിൽ ബന്ധിച്ച് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.പി. രാഗിൺ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി. അബീഷ്, കെ.പി. സത്യൻ, യു.കെ. അബ്ദുൽ റഹ്മാൻ, ഹോം ഗാർഡുമാരായ പി.സി. പ്രിയദർശൻ, കെ.സി. ചന്ദ്രൻ എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.