കൊടുവള്ളി: കൊടുവള്ളിയിലെയും, കിഴക്കോത്തെയും കുടുംബശ്രീ പ്രവർത്തകരുടെ ഫോൺ വാട്സാപ്പിൽ വന്ന അജ്ഞാത സന്ദേശത്തിലൂടെ ഹാക്ക് ചെയ്യപ്പെട്ടതായി പരാതി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഫോണിലേക്ക് വന്ന എപികെ ഫോർമാറ്റിലുള്ള ഫയൽ തുറന്നവരുടെ ഫോണുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. കുടുംബശ്രീ പ്രവർത്തകരുടെ ഫോണിലേക്കാണ് കൂടുതലും അജ്ഞാത സന്ദേശമെത്തിയത്. സന്ദേശം തുറക്കുന്നതോടെ ഫോണിലെ എല്ലാ ഗ്രൂപ്പുകളിലേക്കും ഇതേ സന്ദേശം ഫോർവേഡ് ചെയ്യപ്പെടും.
മറ്റുള്ളവരും ഫയൽ തുറക്കുന്നതോടെ ഫോണിലെ വിവരങ്ങളടക്കം ഹാക്ക് ചെയ്യപ്പെടുന്ന രീതിയാണുണ്ടായതെന്ന് പരാതിക്കാർ അറിയിച്ചു. എളേറ്റിൽ വട്ടോളി സ്വദേശിയും കുടുംബശ്രീ എഡിഎസുമായ കെ.സി.ഹാജറയുടെ ഫോണും ഹാക്ക് ചെയ്യപ്പെട്ടു. സൈബർ സെല്ലിൽ പരാതിപ്പെട്ടതായും സിംകാർഡ് ഫോണിൽ നിന്നു മാറ്റാൻ സൈബർ സെൽ നിർദ്ദേശിച്ചതായും ഹാജറ അറിയിച്ചു.
ഫോണിൽ ബാങ്കിങ് ആപ്പുകൾ ഉപയോഗിക്കാത്തതിനാൽ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും ഹാജറ പറഞ്ഞു. മറ്റു പലരുടെയും പണം നഷ്ടപ്പെട്ടിട്ടുണ്ട്. അജ്ഞാത സന്ദേശം അയച്ച് പണംതട്ടുന്ന സംഘമാണ് പിന്നിലെന്നാണ് നിഗമനം.