മലപ്പുറം: നിറത്തിന്‍റെ പേരിലെ അവഹേളനത്തെ തുടര്‍ന്നുള്ള നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അബ്ദുല്‍ വാഹിദ് പിടിയില്‍. വിദേശത്തുനിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോളാണ് പിടിയിലായത്. മലപ്പുറം കൊണ്ടോട്ടിയിൽ ഷഹാന മുംതാസ് കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ആത്മഹത്യ ചെയ്തത്. ഷഹാനയുടെ ഭർത്താവ് അബ്ദുൽ വാഹിദിനെതിരെ പൊലീസ് കഴിഞ്ഞദിവസം കൂടുതൽ വകുപ്പുകൾ ചുമത്തിയിരുന്നു. ആത്മഹത്യ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കൽ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്.
ഭർത്താവിനെയും കുടുംബത്തിന്റെയും ഭാഗത്തുനിന്നുണ്ടായ മാനസിക പീഡനമാണ് ഷഹാനയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നും ബന്ധുക്കൾ മൊഴി നൽകിയിരുന്നു. നിറത്തിന്റെ പേരിൽ ഷഹാനയെ ഭർത്താവ് എപ്പോഴും കളിയാക്കിയിരുന്നു. 20 ദിവസമല്ലേ കൂടെ താമസിച്ചു എന്തിനാണ് ഇതിൽ തന്നെ പിടിച്ചുതൂങ്ങുന്നത് വേറെ ഭർത്താവിനെ കിട്ടില്ലെ എന്ന് പെൺകുട്ടിയുടെ മുന്നിൽ വച്ച് ഭർതൃമാതാവും ചോദിച്ചിരുന്നുതായാണ് ഷഹാനയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.