കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്‍റെ തിരോധന കേസ് പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിന്‍റെ ഡ്രൈവർ രജിത് കുമാറിനെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. സംഭവത്തിൽ കുടുംബം നടക്കാവ് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ഏഴാം തീയതി മുതൽ രജിത് കുമാറിനെയും ഭാര്യയേയും കാണാതായതായാണ് കുടുംബത്തിന്‍റെ പരാതിയിൽ പറയുന്നത്. മുഹമ്മദ് ആട്ടൂരിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് രജിത് കുമാറിന് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെയും ഭാര്യയെയും കാണാതാകുന്നത്.
കോഴിക്കോട് കെഎസ്ആർടിസി ബസ്റ്റാന്‍റിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്ന ഇരുവരും വ്യാഴാഴ്ച മുറി ഒഴിഞ്ഞ് ലോഡ്ജിൽ നിന്നും പോയെന്നും പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നുമാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരും വീട്ടിൽ നിന്നും പോയത്. കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിന്റെ മുന്നിലൂടെ രജിത് കുമാറും ഭാര്യയും നടന്നു പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. പിന്നീട് ഓട്ടോയിൽ കയറി പോകുന്നതും കാണാം.
2023 ആഗസ്ത് 21നാണ് ബാലുശ്ശേരി എരമംഗലം സ്വദേശി മുഹമ്മദ് ആട്ടൂർ എന്ന മാമിയെ കാണാതാകുന്നത്. അന്ന് ഓഫിസിൽ വെച്ച് മാമി ഡ്രൈവറെ കണ്ടിരുന്നു. ഇതിന് പിറകെയാണ് മാമിയെ കാണാതാകുന്നത്. രജിത്കുമാർ 20 വർഷത്തിലധികമായി മാമിയുടെ ഡ്രൈവറായി ജോലി ചെയ്യുന്നുണ്ട്. മാമി തിരോധാന കേസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുടുംബം അതൃപ്തി അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ സെപ്തംബറിൽ അന്വേഷണം കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.