പാലക്കാട്: അധ്യാപകനെതിരായ വിദ്യാർത്ഥിയുടെ ഭീഷണി വീഡിയോയിൽ ഇടപെടലുമായി വിദ്യാഭ്യാസമന്ത്രി. പാലക്കാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും തുടര്‍ന്ന് വിദ്യാര്‍ത്ഥി അധ്യാപകനെ ഭീഷണിപ്പെടുത്തുകയും ചെയ്‌ത സംഭവത്തിലാണ് സർക്കാർ നടപടി. സംഭവത്തിൽ മന്ത്രി വി.ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടി. പ്ലസ്‌വൺ വിദ്യാർത്ഥിയുടെ വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തായത്. ഇതിന് പിന്നാലെ വലിയ രീതിയിൽ വിഷയം ചർച്ചയായിരുന്നു. വീഡിയോ എങ്ങനെ പുറത്തുപോയി എന്നതുൾപ്പെടെ ഉള്ള വിഷയങ്ങൾ അന്വേഷണത്തിൽ പരിഗണിക്കാനാണ് നിർദ്ദേശം. പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ക്കാണ് സംഭവത്തിൽ അന്വേഷിണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നിർദ്ദേശം നൽകിയത്. വീഡിയോ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഉൾപ്പെടെ പ്രചരിച്ചതിലും കൃത്യമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ സംഭവത്തില്‍ മാനസാന്തരമുണ്ടെന്ന് വിദ്യാര്‍ത്ഥി പോലീസിനോട് അറിയിച്ചിരുന്നു. തൃത്താല പോലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിദ്യാര്‍ത്ഥി തന്റെ ഏറ്റുപറഞ്ഞതെന്നാണ് സൂചന. ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തിലാണ് അങ്ങനെ പ്രതികരിച്ചതെന്നും പറഞ്ഞ കാര്യങ്ങളെല്ലാം പിന്‍വലിച്ച് മാപ്പ് പറയാന്‍ താൻ തയ്യാറാണെന്നുമാണ് വിദ്യാര്‍ത്ഥി പോലീസിനോട് വ്യക്തമാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് വീഡിയോക്ക് ആധാരമായ സംഭവം നടന്നത്. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ലായിരുന്നു. ഈ വിലക്ക് ലംഘിച്ചതോടെയാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥിയുടെ ഫോണ്‍ പിടിച്ചുവെച്ചത്. ഇതോടെയാണ് വിദ്യാർത്ഥി ഇടഞ്ഞത്. പിന്നാലെ അധ്യാപകർ കുട്ടിയെ പ്രിൻസിപ്പലിന് അടുത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
അവിടെ വെച്ചാണ് അധ്യാപകനെ തീര്‍ക്കുമെന്നും കൊല്ലുമെന്നുള്ള തരത്തില്‍ വിദ്യാര്‍ത്ഥി ഭീഷണി മുഴക്കിയത്. സ്‌കൂളിന് പുറത്തേക്കിറങ്ങിയാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. ഇതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്. സംഭവത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്നും സസ്‌പെൻഡ് ചെയ്‌തിരുന്നു. വീഡിയോ പുറത്ത് വന്നത് എങ്ങനെയെന്ന് ബാലാവകാശ കമ്മീഷനും പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് ശരിയായില്ല എന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സർക്കാർ ഇടപെടൽ ഉണ്ടയിരിക്കുന്നത്. ഫ്രെബുവരി ആറിന് സ്‌കൂളിൽ ബാലാവകാശ കമ്മീഷൻ സന്ദർശനം നടത്തും. ഇതോടെ വീഡിയോ പുറത്തുവന്നതിൽ സ്‌കൂൾ മറുപടി പറയേണ്ടി വരും.