കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിൽ മുസ്ലിം ലീഗ് നേതാവ് നൽകിയ അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസിന് ഭരണം നഷ്ടമായി. പഞ്ചായത്ത് ഭരണസമിതിയിലെ ആകെയുള്ള13 അംഗങ്ങളിൽ 11 പേർ അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പോളികാരക്കട മാത്രമാണ് എതിർത്ത് വോട്ടു ചെയ്തത്. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് വിൻസി തോമസ് വോട്ട് അസാധുവാക്കി.
ഭരണകാലയളവിൽ അവസാന ഒരു വർഷ കാലാവധി മുസ്ലിം ലീഗിന് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം നൽകണമെന്ന് കോൺഗ്രസും ലീഗും തമ്മിൻ മുൻധാരണ ഉണ്ടായിരുന്നു. എന്നാൽ യുഡിഎഫ് ജില്ലാ നേതൃത്വത്തിൻ്റെ തീരുമാനം പാലിക്കാൻ കോൺഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡൻ്റുമായ പോളി കാരക്കട തയ്യാറായില്ല. വർഷങ്ങളായി കോൺഗ്രസിന്റെ കൈവശമുള്ള പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗിന് വിട്ടു നൽകില്ലെന്നു പോളി കാരക്കട നിലപാട് സ്വീകരിച്ചു. തുടർന്നാണ് മുസ്ലിം ലീഗ് നേതാവും സ്ഥിരം സമിതി അധ്യക്ഷനുമായ ഒ.കെ അമ്മത് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.
മുസ്ലിം ലീഗ്: 2, സിപിഐഎം: 2, കേരള കോൺ(എം) 2, സ്വതന്ത്രൻ: 1 എന്നിങ്ങനെ അംഗങ്ങൾ ഒപ്പിട്ടാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ മെമ്പർമാർക്ക് കോൺഗ്രസ് നോട്ടീസ് നൽകിയിരുന്നു. തിങ്കളാഴ്ച നടന്ന അവിശ്വാശ പ്രമേയ ചർച്ചക്ക് മേൽ നാല് കോൺഗ്രസ് അംഗങ്ങൾകൂടി പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതോടെ നിലവിലെ പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കടയ്ക്ക് രാജിവെക്കേണ്ടിവരും.