Trending

പെൺകുട്ടി ഉറങ്ങികിടന്ന കാറുമായി യുവാവ് കടന്നുകളഞ്ഞു; നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു


കോഴിക്കോട്: കുറ്റ്യാടിയിൽ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഇന്ന് ഉച്ചതിരിഞ്ഞാണ് കാറിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. കുറ്റ്യാടി അടുക്കത്ത് ആശാരിപറമ്പിൽ വിജീഷിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം സ്വദേശികളായ ദമ്പതികളുടെ മകളെയാണു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

പെൺകുട്ടിയുടെ അമ്മയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ. ബേക്കറിയിൽ നിന്ന് സാധനം വാങ്ങുന്നതിന് അടുത്ത് വാഹനം നിർത്തി. കുട്ടി കാറിൽ ഉറങ്ങുന്നതിനാൽ കാർ ഓൺ ചെയ്ത് എസി ഇട്ടിരുന്നു. ദമ്പതികൾ സാധനം വാങ്ങുന്നതിനിടെ വിജീഷ് കാറുമായി കടന്നുകളയുകയായിരുന്നു. പെൺകുട്ടി കാറിൽ ഉറങ്ങുന്നത് വിജീഷ് അറിഞ്ഞിരുന്നില്ലെന്നാണു വിവരം.

രണ്ടു കിലോമീറ്ററോളം ദൂരം പോയശേഷം പെൺകുട്ടിയെ റോഡിൽ ഇറക്കിവിട്ടു. ഇതിനിടെ ദമ്പതികൾ നാട്ടുകാരുടെ സഹായത്തോടെ കാറ് പിന്തുടരുകയും നാട്ടുകാർ മറ്റുള്ളവർക്ക് വിവരം നൽകുകയും ചെയ്തിരുന്നു. ഏറെ ദൂരം പോകുന്നതിന് മുൻപ് തന്നെ നാട്ടുകാർ കാർ തടഞ്ഞു. തുടർന്ന് പൊലീസെത്തി വിജീഷിനെ കസ്റ്റഡിയിൽ എടുത്തു. വിജീഷ് ലഹരി ഉപയോഗിച്ചിരുന്നതായാണ് വിവരം.

Post a Comment

Previous Post Next Post